തിരുവനന്തപുരം: കൊറോണ മരണ കണക്കിൽ കള്ളക്കളിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊറോണ മരണത്തിൽ സർക്കാരിന് ദുരഭിമാനത്തിന്റെ ആവശ്യമില്ല. കൊറോണ മരണമുണ്ടായാൽ സർക്കാരിനെ പ്രതിപക്ഷം കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മഹാമാരിയിൽ നിരവധി രാജ്യങ്ങളിൽ ആളുകൾ മരിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ സർക്കാരിന് മേനി നടിക്കാൻ വേണ്ടിയാണ് മരണങ്ങൾ കുറച്ച് കാണിച്ചത്. ഇതിനായി ഗൂഢാലോചന നടത്തി. ഇത് പുറത്ത് വരുമെന്ന ഭയമാണ് ആരോഗ്യമന്ത്രിക്കുള്ളതെന്നും സതീശൻ പറഞ്ഞു.
ഒട്ടേറെ കൊറോണ മരണം പട്ടികയിൽനിന്ന് പുറത്തായി. ഡബ്ല്യുഎച്ച്ഒ, ഐസിഎംആർ മാനദണ്ഡങ്ങൾ സർക്കാർ അട്ടിമറിച്ചു. യഥാർഥ മരണക്കണക്ക് പുറത്തുവരുമോ എന്ന ആശങ്കയാണ് ആരോഗ്യമന്ത്രിക്ക്. ചികിത്സയിൽ കഴിഞ്ഞ രോഗി കൊറോണ മൂലമാണോ മരിച്ചത് എന്ന് ബന്ധുകൾക്ക് പോലും അറിയില്ലാത്ത സ്ഥിതിയാണ് ഉള്ളത്. കൊറോണ മരണത്തിൽ തെളിവിനായി പാവങ്ങൾ എവിടെ പോകുമെന്നും അദ്ദേഹം ചോദിച്ചു.