സാമ്പത്തിക പ്രതിസന്ധി; ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമ ആത്മഹത്യ ചെയ്തു. മുറിഞ്ഞപാലത്താണ് സംഭവം. മായ ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമ നിര്‍മ്മല്‍ ചന്ദ്രന്‍(54) ആണ് ആത്മഹത്യ ചെയ്തത്. വര്‍ക്കലയിലുളള കോഴിക്കടിയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്പത്തിക പ്രതിസന്ധി മൂലമാണ് നിര്‍മ്മല്‍ ചന്ദ്രന്‍ ജീവനൊടുക്കിയതെന്ന് സ്ഥാപനത്തിലെ ജീവനക്കാരും ബന്ധുക്കളും പറയുന്നു. കൊറോണ സാഹചര്യത്തില്‍ രണ്ട് വര്‍ഷമായി ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനം പൂട്ടിക്കിടക്കുകയാണ്. ഉപജീവനത്തിനായാണ് നിര്‍മ്മല്‍ കോഴിക്കട ആരംഭിച്ചത്.

കോഴിക്കടയും ശരിയാകാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്തത് എന്നാണ് വിവരം. ലൈറ്റ്സ് ആന്റ് സൗണ്ട്സ് സ്ഥാപനങ്ങളിലെ സാമഗ്രികള്‍ തുരുമ്പെടുത്തു നശിക്കുകയാണെന്ന് പറഞ്ഞ് മേഖലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍മ്മല്‍ നിരവധി നിവേദനങ്ങളും നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ബന്ധുക്കളോട് സംസാരിക്കുകയുമുണ്ടായിരുന്നെന്ന് ജീവനക്കാര്‍ പറയുന്നു.