ലണ്ടൻ: മെഹുൽ ചോക്‌സിയുമായി ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,600 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന രത്‌നവ്യാപാരി നീരവ് മോദിയുടെ 17.25 കോടി രൂപ വീണ്ടെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നീരവ് മോദിയുടെ സഹോദരി പൂർവി മോദിയാണ് ഈ തുക എൻഫോഴ്‌സ്‌മെന്റിന് നൽകിയത്. സഹോദരിയുടെ പേരിൽ നീരവ് മോദി യുകെ ബാങ്കിൽ തുറന്ന അക്കൗണ്ടിലെ പണമാണിത്.
പൂർവ്വിക്ക് അവരുടെ പേരിൽ യുകെയിൽ 2,316,889 ഡോളറിന്റെ നിക്ഷേപം ഉണ്ടായിരുന്നു. ഈ തുകയാണ് ഇഡി കേന്ദ്രസർക്കാരിന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. ബാങ്ക് അക്കൗണ്ടിനെ കുറിച്ച് പൂർവി തന്നെയാണ് വിവിരം നൽകിയതെന്നും ഇഡി അറിയിച്ചു. നേരത്തെ പൂർവ്വിയേയും ഭർത്താവ് മായങ്ക് മേത്തയേയും 13,500കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ കോടതി മാപ്പ് സാക്ഷിയാക്കിയിരുന്നു.
ജനുവരി നാലിനാണ് ഇവരുടെ അപേക്ഷ കോടതി പരിഗണിച്ചത്. അക്കൗണ്ടിലെ പണം പൂർവ്വിയുടേതല്ലെന്നും അക്കൗണ്ട് ഉപയോഗിച്ചിരുന്നത് നീരവ് മോദി ആണെന്നും ഇഡി പ്രസ്താവനയിൽ അറിയിച്ചു. ബെൽജിയൻ പൗരയാണ് പൂർവി. ഐറിഷ് പൗരനാണ് ഇവരുടെ ഭർത്താവായ മായങ്ക്. പൂർവിയുടെയും, അവരുടെ പേരിൽ ഉണ്ടാക്കിയ കമ്പനിയുടെയും മറവിൽ നീരവ് മോദി നിയമവിരുദ്ധമായി ഉണ്ടാക്കിയ പണമാണ് ഇതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
ജൂൺ 24 നാണ് പൂർവിക്ക് തന്റെ പേരിൽ അക്കൗണ്ടുള്ള വിവരം അറിവായത്. ശേഷം ഇഡി അധികൃതരെ വിളിച്ചറിയിക്കുകയായിരുന്നു.നീരവ് മോദിക്കും അമ്മാവൻ മെഹുൽ ചോക്‌സിക്കുമെതിരേ 13,600 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിലാണ് അന്വേഷണം നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ 2018 ജനുവരി ആദ്യ വാരമാണ് നീരവ് മോദി ഇന്ത്യവിട്ടത്. 2019 മാർച്ചിൽ യുകെയിൽ അറസ്റ്റിലായ നീരവ് മോദി ഇപ്പോൾ ലണ്ടനിലെ വാർഡ്‌സ്വോർത്ത് ജയിലിലാണ് ഇതുവരെ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി നീരവ് മോദിയുടെ 2,400 കോടിയുടെ സ്വത്ത് ഇഡി കണ്ടെടുത്തിട്ടുണ്ട്.