തെക്ക് -പടിഞ്ഞാറൻ മൺസൂൺ ജൂലൈ മധ്യത്തോടെ കേരളത്തിൽ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: തെക്ക് – പടിഞ്ഞാറൻ മൺസൂൺ ജൂലൈ മധ്യത്തോടെ കേരളത്തിൽ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ജൂലൈ എട്ടിനകം മൺസൂൺ സംസ്ഥാനത്ത് തിരിച്ചെത്തുമെന്നും ജൂലൈ പകുതി മുതൽ കനത്ത മഴ പെയ്യുമെന്നുമാണ് പ്രതീക്ഷ.

തെക്ക് പടിഞ്ഞാറൻ മൺസൂൺ പുനരാരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ 39 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴയാണ് ജൂൺ മാസത്തിൽ ലഭിച്ചത്. 408.44 മില്ലിമീറ്റർ. ഇത് സാധാരണയുള്ള 643 മില്ലിമീറ്ററിനേക്കാൾ 36 ശതമാനം കുറവാണ്. അതേസമയം, 2013 ജൂൺ ആണ് ഏറ്റവും കൂടുതൽ മഴ ലഭിച്ച വർഷം. 1042.7 മി.മീ.

ഈ വർഷത്തിൽ മിക്കവാറും എല്ലാ ജില്ലകളിലും നേരിയ മഴ ലഭിച്ചു. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് തിരുവനന്തപുരത്തും (55 ശതമാനം) പാലക്കാടും (50 ശതമാനം) ആണ്.ജൂണിൽ മൺസൂൺ മഴയിൽ കേരളത്തിൽ 34 ശതമാനം കുറവുണ്ടായത് കർഷകർ ആശങ്കയുണ്ടാക്കുകയും സംഭരണികളിലേക്കുള്ള ജല വരവിനെ ബാധിക്കുകയും ചെയ്തതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.