തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ ഇരുപതിനായിരത്തോളം വരുന്ന പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ ബാധ്യതയിൽനിന്ന് സർക്കാർ പിന്മാറുന്നു. ഫെബ്രുവരിയിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പരിഷ്കരണത്തോടൊപ്പം സർവകലാശാല പെൻഷൻകാരുടെ പെൻഷൻ പരിഷ്കരിച്ചിരുന്നില്ല. കഴിഞ്ഞ മാസത്തെ മന്ത്രിസഭയാണ് പെൻഷൻ പരിഷ്കരിക്കാനുള്ള തീരുമാനം എടുത്തത്.
സർവകലാശാലകൾ തനത് വരുമാനത്തിൽ നിന്ന് പെൻഷൻ പരിഷ്കരിക്കുന്നതിന് വേണ്ട അധിക ബാധ്യത കണ്ടെത്തണമെന്നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സർവ്വകലാശാല ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും ഉൾപ്പടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ സർക്കാർ നൽകുന്ന നോൺ പ്ലാൻ ഗ്രാൻന്റിൽ നിന്നാണ് വിനിയോഗിക്കുന്നത്. അതിനനുസൃതമായി ഗ്രാന്റ് തുക സർവകലാശാലകൾക്ക് വർധിപ്പിച്ചുനൽകുന്ന രീതിയാണ് സർക്കാരുകൾ നാളിതുവരെ തുടർന്ന് വന്നിരുന്നത്.
സർവകലാശാലകളുടെ തനത് ഫണ്ട് പെൻഷൻ പരിഷ്കരണത്തിന് വിനിയോഗിച്ചാൽ സർവ്വകലാശാലകളുടെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്ന് ആക്ഷേപമുണ്ട്. വികസനം തടസ്സപ്പെടാതിരിക്കാൻ പെൻഷൻ പരിഷ്കരണം സർവകലാശാലകൾ നിർത്തിവയ്ക്കേണ്ടിവരും. ഏറ്റവും കൂടുതൽ പെൻഷൻകാരുള്ള കേരള, കാലിക്കറ്റ്,കാർഷിക സർവകലാശാലകളെ യാണ് ഈ തീരുമാനം ദോഷകരമായി ബാധിക്കുക.
ഓപ്പൺ സർവകലാശാല വന്നതോടെ കേരള, കാലിക്കറ്റ്, എംജി, സർവകലാശാലകളുടെ ആഭ്യന്തര വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാവുണ്ടായിട്ടുണ്ട്. പുതുതായി ആരംഭിച്ച ഓപ്പൺ സർവകലാശാലയ്ക്കും ഡിജിറ്റൽ സർവകലാശാലക്കും സർക്കാരിന് കൂടുതൽ തുക അനുവദിക്കേണ്ട വന്നതാണ് സർവകലാശാലകളുടെ പെൻഷൻ പരിഷ്കരണ ബാധ്യത സർവകലാശാലകൾ തന്നെ വഹിക്കണമെന്ന് തീരുമാനിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നറിയുന്നു.