തിരുവല്ല : മദ്യ നിർമ്മാണത്തിനെത്തിച്ച സ്പിരിറ്റ് ചോർത്തി വിറ്റ് വൻ വെട്ടിപ്പ് നടത്തിയ കേസിൽ ഫാക്ടറിയിലെ കൂടുതൽ ജീവനക്കാർ കുടുങ്ങും. ഫാക്ടറിയിൽ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന ജീവനക്കാരനായ തിരുവൻവണ്ടൂർ സ്വദേശി അരുൺ കുമാറിന് കൈമാറാനായി കൊണ്ടുവന്ന പണമാണിതെന്ന് ഡ്രൈവർമാർ മൊഴി നൽകിയിട്ടുണ്ട്. ഇയാൾ മദ്യനിർമ്മാണ ഫാക്ടറിയിലെ താത്ക്കാലിക ജീവനക്കാരനാണ്. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെയും എൻഫോഴ്‌സ്‌മെന്റിന്റെയും നേതൃത്വത്തിലുള്ള സംഘം അരുൺ കുമാറിനെ ചോദ്യംചെയ്യുകയാണ്.
കൂടുതൽ പേർക്ക് ക്രമക്കേടിൽ പങ്കുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന് കീഴിലുള്ള പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് സ്പിരിറ്റ് എത്തിച്ച ടാങ്കറുകളിൽ എക്സൈസ് എൻഫോഴ്‌സ്‌മെന്റ്, ലീഗൽ മെട്രോളജി സംഘങ്ങൾ നടത്തിയ പരിശോധനയിലാണ് 20,000 ലിറ്റർ സ്പിരിറ്റിന്റെ കുറവ് കണ്ടെത്തിയത്. ഇതിന് പൊതുവിപണിയിൽ 30 ലക്ഷം രൂപ വില വരും.
മൂന്ന് ടാങ്കർ ലോറി ഡ്രൈവർമാരെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. സ്പിരിറ്റ് എത്തിച്ച ടാങ്കർ ലോറികളിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാബിനിൽ സൂക്ഷിച്ചിരുന്ന 9.5 ലക്ഷം രൂപയും കണ്ടെടുത്തു. ഒരു ലോറിയുടെ കാബിനിൽ നിന്ന് 6 ലക്ഷവും മറ്റൊന്നിൽ നിന്ന് 3.5 ലക്ഷവുമാണ് പിടിച്ചത്.
ബിവറേജസ് കോർപ്പറേഷന് വേണ്ടി ജവാൻ റമ്മാണ് ട്രാവൻകൂർ ഷുഗേഴ്സിൽ നിർമ്മിക്കുന്നത്. മദ്ധ്യപ്രദേശിൽ നിന്ന് 1,15,000 ലിറ്റർ സ്പിരിറ്റ് എത്തിക്കാനുള്ള കരാർ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് നൽകിയിരുന്നു. കരാർ പ്രകാരമുള്ള ഒടുവിലത്തെ ലോഡാണ് ഇന്നലെ എത്തിയത്.ടാങ്കറുകളിൽ സ്പിരിറ്റിന്റെ അളവിൽ കുറവുണ്ടെന്ന രഹസ്യവിവരം എക്സൈസ് എൻഫോഴ്സ്മെൻറ് വിഭാഗത്തിന് ലഭിച്ചതിനെ തുടർന്ന് അതിർത്തി കടന്നപ്പോൾ മുതൽ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഇന്നലെ പുലർച്ചയോടെ ഫാക്ടറിയിലേക്ക് ടാങ്കർ ലോറിയുമായി പ്രവേശിച്ച ഡ്രൈവർമാരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.40,000 ലിറ്ററിന്റെ 2 ടാങ്കിലും 35,000 ലിറ്ററിന്റെ ഒരു ടാങ്കിലും ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 20,000 ലിറ്റർ സ്പിരിറ്റിന്റെ തിരിമറി കണ്ടെത്തിയത്. മഞ്ചേശ്വരം വഴി വന്ന ലോറികളിൽ നിന്ന് അതിർത്തിയിൽ വച്ച് സ്പിരിറ്റ് ചോർത്തി വിറ്റുവെന്നാണ് നിഗമനം.
ലീഗൽ മെട്രോളജി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പെരുന്തുരുത്തിയിലെ വെയ് ബ്രിഡ്ജിൽ ടാങ്കർ ലോറികളുടെ ഭാരപരിശോധനയും നടത്തി. ലീഗൽ മെട്രോളജിയുടെ വിദഗ്‌ദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് സ്പിരിറ്റിന്റെ കൃത്യമായ അളവെടുക്കും.