ശ്രീനഗർ : ജമ്മു വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വായ്ബയാണെന്ന് നിഗമനം . വിവിധ അന്വേഷണ ഏജൻസികൾ ശേഖരിച്ച തെളിവുകളാണ് ലഷ്‌കർ ഇ ത്വയ്ബ ഭീകരരിലേക്ക് വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ ആഴ്ചയാണ് വിമാനത്താവളത്തിന് നേരെ ഭീകരർ ഡ്രോൺ ഉപയോഗിച്ച് സ്‌ഫോടക വസ്തു വർഷിച്ചത്.
രണ്ട് ഡ്രോണുകളുപയോഗിച്ചാണ് ആക്രമണം ഉണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. താഴ്ന്ന് പറന്നാണ് ഡ്രോണുകൾ അതിർത്തി കടന്നത്. എയർ ഫോഴ്‌സ് സ്റ്റേഷനുകളിലെ റഡാറുകളുടെ കണ്ണിൽപ്പെടാതിരിക്കാനുള്ള പ്രധാന കാരണവും ഇതാണ്.
പുലർച്ചെ 1.36 നാണ് ഡ്രോൺ ആദ്യ സ്‌ഫോടക വസ്തു വർഷിച്ചത്. ഹെലികോപ്റ്ററുകളായിരുന്നു ആദ്യ ആക്രമണത്തിൽ ഭീകരർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇവ വിമാനത്താവളത്തിലെ വ്യോമസേനാ കെട്ടിടത്തിന്റെ മേൽക്കൂരയിൽ പതിച്ചു..
1.42 നാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായത്. വ്യോമസേനയെ ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാൽ ശബ്ദം കേട്ട് ഉദ്യോഗസ്ഥരെല്ലാം പുറത്തു കടന്നതിനാൽ വൻ ദുരന്തം ഒഴിവായി.മൂന്ന് പാളികളായി നിർമിച്ച ഉഗ്ര സ്‌ഫോടക വസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചത്.