അശ്ലീല ഉള്ളടക്കങ്ങള്‍ ഒരാഴ്ച്ചക്കുള്ളില്‍ നീക്കം ചെയ്യണം; ട്വിറ്ററിനോട് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡെല്‍ഹി: ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കാന്‍ ട്വിറ്ററിന് കര്‍ശന നിര്‍ദ്ദേശം നല്‍കി ദേശിയ വനിതാ കമ്മീഷന്‍. സഭ്യമല്ലാത്തതും അശ്ലീല ചുവയുള്ളതുമായ ട്വീറ്റുകള്‍ ഏഴ് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇത്തരം ഉള്ളടക്കങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യണമെന്നാണ് ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ അറിയിച്ചു. ഇത് സംബന്ധിച്ച് ട്വിറ്റര്‍ ഇന്ത്യക്ക് കത്ത് അയച്ചു. വിഷയത്തില്‍ ട്വിറ്റര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് 10 ദിവസത്തിനകം മറുപടി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും വനിതാ കമ്മീഷന്‍ കത്തയച്ചിട്ടുണ്ട്. അശ്ലീലവും അസഭ്യവുമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാത്ത പക്ഷം ട്വിറ്ററിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. ട്വിറ്ററിനെതിരേ നേരത്തെയും സമാനമായ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ രേഖ ശര്‍മ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ ട്വീറ്റുകളുടെ പേരില്‍ നേരത്തെ ട്വിറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പുതിയ ഐടി ചട്ടം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായുള്ള അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയിലെ നിയമപരിരക്ഷ ട്വിറ്റിറിന് നഷ്ടമായിരുന്നു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ നാല് കേസുകളാണ് ട്വിറ്ററിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.

ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കിയതില്‍ ട്വിറ്ററിനെതിരെ കഴിഞ്ഞ ദിവസണാണ് യുപിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് തൊട്ട് പിന്നാലെയാണ് അശ്ലീല ഉള്ളടക്കങ്ങളുടെ പേരിലും ട്വിറ്ററിന് രാജ്യത്ത് നിയമനടപടി നേരിടേണ്ടി വരുന്നത്.