ന്യൂഡെല്‍ഹി: സോഷ്യല്‍ മീഡിയ, പൊതു അഭിപ്രായം എന്നിവയില്‍ ജഡ്ജിമാര്‍ക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങള്‍ ആളിക്കത്തിക്കുന്ന പൊതുജനവികാരങ്ങളില്‍ ജഡ്ജിമാര്‍ വീണു പോകരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു. നിങ്ങള്‍ ഏറ്റവും ഉച്ചത്തില്‍ കേള്‍ക്കുന്നത് എല്ലാം എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഡെല്‍ഹിയില്‍ പി ഡി ദേശായി മെമ്മോറിയല്‍ പ്രഭാഷണത്തിന്റെ ഭാഗമായി നിയമവാഴ്ച എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു എന്‍ വി രമണ. പുതിയ മാധ്യമ ഉപകരണങ്ങള്‍, അവരുടെ വിപുലമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ശരിയും തെറ്റും, നല്ലതും ചീത്തയും, യഥാര്‍ത്ഥവും വ്യാജവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിവില്ല’- ചീഫ് ജസ്റ്റിസ് പറഞ്ഞു.
അതിനാല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പൊതുജന വികാരങ്ങള്‍ ജഡ്ജിമാരെ സ്വാധീനിക്കരുത്. എല്ലാത്തിനെയും ഉള്ളതിനേക്കാള്‍ കൂട്ടിക്കാണിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് കഴിയും. അതുകൊണ്ടു തന്നെ കേസുകളില്‍ മാധ്യമവിചാരണയെ ഒരു ഘടകമായി പരിഗണിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ എങ്ങനെയാണ് മറ്റു ഭരണനിര്‍വഹണ സംവിധാനങ്ങളെ ബാധിക്കുന്നത് എന്നതിനെ കുറിച്ച് നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ചുറ്റിലും നടക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കരുത് എന്നല്ല ഇതിനര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു.
നേരിട്ടോ അല്ലാതെയോ ജുഡീഷ്യറിക്ക് മേല്‍ ഒരു നിയന്ത്രണവുമുണ്ടാകരുതെന്നും എന്നാല്‍ മാത്രമേ നിയമവാഴ്ച സാധ്യമാകൂവെന്നും എന്‍ വി രമണ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൃത്യമായി വിലയിരുത്തുന്നതിന് ഇത് അനിവാര്യമാണെന്നും ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം പറഞ്ഞു.