ഡെറാഡൂൺ: വിഷ പാമ്പുകളുടെ കൂട്ടത്തിൽത്തിൽപ്പെട്ട വളരെ വിരളമായി മാത്രം കാണപ്പെടുന്ന ഒരിനം പാമ്പിനെ മസൂറിയിലെ ബെനോംഗ് വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടത്തി. ബ്ലാക്ക് ബെല്ലീഡ് കോറൽ സ്‌നേക്ക് വിഭാഗത്തിൽ പെട്ട പാമ്പിനെ ഇന്ത്യൻ വന്യജീവി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തിയത്.
മസൂറിയിലെ ബർലു ഗഞ്ചിലുള്ള ബദ്രജ് ക്ഷേത്രത്തിലേക്കുള്ള വഴിയിൽ 6233 അടി ഉയരത്തിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. 2500 മുതൽ 6000 ആടി ഉയരത്തിലാണ് സാധാരണ ഗതിയിൽ ഈ വിഭാഗം പാമ്പുകളെ കാണാറുള്ളത്. ഈ വിഭാഗത്തിൽ പെട്ട 107 ഇനം പാമ്പുകളാണ് ലോകത്ത് ആകെ ഉള്ളത് എന്നും, ഇതിൽ ഏഴും ഇന്ത്യയിൽ ആണെന്നും ഗവേഷകർ പറയുന്നു. ഇത് ആദ്യമായാണ് ഉത്തരാഖണ്ഡിൽ ജീവനോടെയുള്ള ഈ ഇനത്തിൽ പെട്ട പാമ്പിനെ കാണുന്നത്.
2019 ൽ നൈനിറ്റാളിൽ ചത്ത് കിടക്കുന്ന ബ്ലാക്ക് ബെല്ലീഡ് കോറൽ സ്‌നേക്കിനെ കണ്ടെത്തിയിരുന്നു. ”ഇന്ത്യയുടെ ഹിമാലയൻ മലനിരകൾ വിവിധ തരം സസ്യ ജീവ ജാലങ്ങളെക്കൊണ്ട് സമ്പന്നമാണ്. ഇനിയും കണ്ടെത്താത്ത ധാരാളം ജീവജാലങ്ങൾ ഇവിടങ്ങളിൽ ഉണ്ടെന്ന് കാണിക്കുന്നതാണ് ഇത്തരം പാമ്പുകൾ,” ഇന്ത്യൻ വന്യജീവി ഇൻസ്റ്റിറ്റിയട്ടിലെ ഗവേഷകനായ അഭിജിത്ത് ദാസ് പറഞ്ഞു.
വൈദ്യശാസ്ത്രപരമായി ഏറെ പ്രധാന്യം ഉള്ള ബ്ലാക്ക് ബെല്ലീഡ് കോറൽ സ്‌നേക്കിന്റെ രജിസ്‌ട്രേഷൻ നടത്തിയതായും അഭിജിത്ത് കൂട്ടിച്ചേർത്തു. ”ഈ പാമ്പിന്റെ ആറു തലമുറകൾ ഇന്ത്യയിലുണ്ട്. ഹിമാലയൻ മേഖലയിലും, വടക്ക്- കിഴക്കൻ മേഖലയിലുമാണ് പ്രധാനമായും ഇവയെ കാണാറുള്ളത്. ഒരു വിഭാഗം തെക്കൻ മേഖലയിലും ഉണ്ട്. ഉത്തരാഖണ്ഡിൽ പക്ഷെ ആദ്യമായാണ് ഇത്തരം പാമ്പിന്റെ കാണുന്നത്,” അഭിജിത്ത് വിശദീകരിച്ചു.
കഴിഞ്ഞ വർഷം റെഡ് കോറൽ കുക്രി എന്ന അപൂർവ്വയിനം പാമ്പിനെയും ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ നിന്നും കണ്ടെത്തിയിരുന്നു. ആൾ താമസമുള്ള ഒരു വീട്ടിൽ നിന്നാണ് പാമ്പിന്റെ പിടികൂടിയത്. നാട്ടുകാർ ആണ് വീട്ടിനുള്ളിൽ കയറിയ പാമ്പിന്റെ പിടികൂടിയത്. പിന്നീട് വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ എത്തി പാമ്പിന്റെ നാട്ടുകാരിൽ നിന്നും ഏറ്റെടുത്തു. പിന്നീട് നടത്തിയ പരിശോധനയിലാണ് അപൂർവ്വയിനത്തിൽ പെട്ട പാമ്പാണ് ഇതെന്ന് മനസിലായത്. ഉദ്യോഗസ്ഥർ ഈ പാമ്പിന്റെ പിന്നീട് കാട്ടിൽ തുറന്ന് വിടുകയായിരുന്നു.