മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടൻ ഹർജി നൽകി

കൊച്ചി: സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുടയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നൽകി. പ്രൊഫസർ അല്ലാതിരുന്നിട്ടും ബാലറ്റിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷിനിലും പ്രചാരണ സാമഗ്രികളിലും പ്രൊഫസർ എന്നുപയോഗിച്ചു വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഹർജി.

പോസ്റ്ററുകളിലും ചുവരെഴുത്തിലും പ്രചാരണത്തിലും പ്രൊഫസർ ചേർത്ത് ബിന്ദു വോട്ടർമാരെ കബളിപ്പിച്ചതായി ഉണ്ണിയാടൻ പരാതിയിൽ പറയുന്നു. ഇതു കൂടാതെ താൻ അഴിമതിക്കാരനാണെന്ന് പ്രചാരണം നൽകാനും ഇവർ ശ്രമിച്ചെന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു. വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തിയ ബിന്ദുവിൻ്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാണ് തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ എസ്.ശ്രീകുമാർ മുഖേനെയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

പ്രൊഫസർ അല്ലാതിരുന്നിട്ടും പ്രൊഫസർ ബിന്ദു എന്ന് മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനെതിരേ സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്. മന്ത്രി ബിന്ദുവിനെതിരെ നടപടി വേണമെന്നാണ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.