കച്ചവടമല്ല കല്യാണം; ‘മകൾക്കൊപ്പം’ ക്യാമ്പയിനുമായി പ്രതിപക്ഷ നേതാവ് വിഡിസതീശൻ

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിലെ ആത്മഹത്യകളും കൊലപാതകങ്ങളും ആവർത്തിക്കാതിരിക്കാൻ ‘മകൾക്കൊപ്പം’ എന്ന ക്യാമ്പയിനുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്.

പെൺകുട്ടികൾ ദുർബലകളല്ല. സമൂഹമാണ് അവർക്കു ധൈര്യവും ആത്മവിശ്വാസവും കൊടുക്കേണ്ടത്. കച്ചവടമല്ല കല്യാണം. സ്ത്രീധനം നൽകി വിവാഹം കഴിക്കില്ലെന്നു ഓരോ പെൺകുട്ടിയും, അങ്ങനെ വിവാഹം നടത്തില്ലെന്നു ഓരോ കുടുംബവും തീരുമാനിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

സ്ത്രീധന പീഡനങ്ങളുടെ പേരിൽ കേരളം അപമാനഭാരത്താൽ തലതാഴ്ത്തി നിൽക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും വി.ഡി.സതീശൻ പറഞ്ഞു. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട മരണങ്ങളിൽ കേരളം വിറങ്ങലിച്ചുനിൽക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് ഇത്തരമൊരു ക്യാമ്പയിൻ തുടക്കമിട്ടിരിക്കുന്നത്.

വിവാഹം നടത്തി കടക്കെണിയിലായ സ്വന്തം വീട്ടിലേക്കു തിരിച്ചെത്തി അവർക്കു വീണ്ടും ഭാരമാകരുത് എന്നു കരുതിയാണ് പല പെൺകുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്നത്. പ്രതിസന്ധികൾ ഒറ്റയ്ക്കു നേരിടാൻ കഴിയാത്തതും കാരണമാണ്.

‘മകൾക്കൊപ്പം’ ക്യാമ്പയിന്റെ ഭാഗമായി സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരെയും മഹിളാ- യുവജന പ്രസ്ഥാനങ്ങളെയും അണിനിരത്തി സ്ത്രീധനത്തിനെതിരായ പ്രചാരണം ശക്തമാക്കാനാണ് തീരുമാനം.