കൊച്ചി: ലുലു മാളിൽ കണ്ടെത്തിയ തോക്ക് ചൈനീസ് മോഡലാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയടക്കം സമീപിച്ചു. 1962ലെ ചൈനീസ് മോഡൽ നോറിങ്കോ ടോക്കറേവ് 9എംഎം പിസ്റ്റൾ ആണ് ലുലുവിൽ നിന്നും ലഭിച്ചത്. സീരിയൽ നമ്പർ പ്രകാരം തോക്കിന് കേരളത്തിൽ നിന്നും ലൈസൻസ് ലഭിച്ചിട്ടില്ല. ഏപ്രിലിൽ ആയിരുന്നു സാധനങ്ങൾ കൊണ്ടുപോകുന്ന ട്രോളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ തോക്കും വെടിയുണ്ടകളും ലഭിച്ചത്.
1962ലെ സീരിയൽ നമ്പറിലുള്ള തോക്കിന്റെ ലൈസൻസ് സ്വന്തമാക്കിയ ആളെ കണ്ടെത്താനാണ് നിലവിൽ ശ്രമം നടക്കുന്നത്. തോക്ക് ഇപ്പോൾ പ്രവർത്തനക്ഷമമല്ല. ബാലിസ്റ്റിക് പരിശോധനയിലാണ് തോക്കിന്റെ വിശദാംശങ്ങൾ പോലീസിന് ലഭിച്ചത്.
ട്രോളി വൃത്തിയാക്കുന്നതിനിടെ ജീവനക്കാരാണ് തോക്ക് ആദ്യം കണ്ടത്. തുടർന്ന് വിവരം ഉടനെ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് മാളിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് പരിശോധിച്ചിരുന്നു. നിലവിൽ തോക്കും വെടിയുണ്ടകളും ഫൊറെൻസിക് വിദഗ്ധർ പരിശോധിക്കുകയാണ്.