ന്യൂഡെല്‍ഹി: എല്ലാ സംസ്ഥാനങ്ങളും ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂലൈ 31നകം നടപ്പാക്കണമെന്ന് സുപ്രീംകോടതി. കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശം.
രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും റേഷന്‍ ആനുകൂല്യങ്ങള്‍ നേടാന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇതോടെ സാധിക്കണമെന്നും കോടതി നിരീക്ഷിച്ചു. ഇവരുടെ കണക്കെടുപ്പും ഇക്കാലയളവില്‍ പൂര്‍ത്തിയാക്കണം.
കൊറോണ ഭീതി പൂര്‍ണ്ണമായും നീങ്ങുന്നത് വരെ സമൂഹ അടുക്കള വഴിയുള്ള ഭക്ഷണം വിതരണം തുടരണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
കുടിയേറ്റ തൊഴിലാളികളുടെ വിവരശേഖരണത്തിനായി രൂപം നല്‍കിയ ദേശീയ പോര്‍ട്ടലില്‍ അടുത്ത മാസം 31 ന് മുന്‍പ് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ട് എന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണം. ഇതിനായി സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി തയ്യാറാക്കണം.
ഭക്ഷ്യധാന്യങ്ങള്‍ക്ക് കുറവ് വരുന്നപക്ഷം ക്വാട്ട വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ സമൂഹ അടുക്കളകള്‍ പ്രവര്‍ത്തിക്കണം. കൊറോണ പ്രതിസന്ധി തീരുന്നത് വരെ ഈ രീതി തുടരണം. എന്നിങ്ങിനെ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ആറ് നിര്‍ദേശങ്ങളാണ് സുപ്രീംകോടതി നല്‍കിയത്.
തൊഴിലാളികളുടെ താമസസ്ഥലത്ത് ഭക്ഷ്യ ധാന്യ വിതരണത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നിര്‍ദേശങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശനമായി പാലിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.