തിരുവനന്തപുരം: പെന്‍ഷന്‍ വിതരണത്തിന് ട്രഷറികളിലെ ക്രമീകരണം വീണ്ടും പരിഷ്‌കരിച്ചു. ആദ്യ പ്രവൃത്തി ദിവസം അക്കൗണ്ട് നമ്പര്‍ പൂജ്യത്തിലും ഒന്നിലും അവസാനിക്കുന്നവര്‍ക്കു പെന്‍ഷന്‍ നല്‍കുന്നതായിരുന്നു ഇതുവരെയുള്ള രീതി. മറ്റന്നാള്‍ മുതല്‍ തിങ്കള്‍ 0, 1, ചൊവ്വ 2, 3 എന്നിങ്ങനെയായിരിക്കും വിതരണം. ചൊവ്വ 2,3. ബുധന്‍ 4,5. വ്യാഴം 6,7. വെള്ളി 8,9. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ എല്ലാ ദിവസം ഇങ്ങനെയാകും പെന്‍ഷന്‍കാര്‍ക്ക് ഇടപാടുകള്‍ അനുവദിക്കുക.
ഒരാള്‍ക്ക് പങ്കാളിയുടെ കൂടി പെന്‍ഷന്‍ കൈപ്പറ്റാനുണ്ടെങ്കില്‍ നമ്പര്‍ ക്രമീകരണത്തില്‍ ഇളവ് അനുവദിക്കും. ടിഎസ്ബി, ഇടിഎസ്ബി അക്കൗണ്ട് ഉടമകള്‍ക്ക് അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നത് ഒറ്റ അക്ക നമ്പറിലാണെങ്കില്‍ ഒറ്റ അക്ക തീയതികളില്‍ ഇടപാടു നടത്താം.
ഇരട്ട അക്കക്കാര്‍ ഇരട്ട അക്ക തീയതികളില്‍ എത്തണം. പലിശ പിന്‍വലിക്കുന്നത് ഒഴികെയുള്ള സ്ഥിരനിക്ഷേപ ഇടപാടുകള്‍ എല്ലാ ദിവസവും അനുവദിക്കും. പെന്‍ഷന്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം നല്‍കാനുള്ള അവസാന തീയതി നാളെയാണെങ്കിലും ഇതു നീട്ടി നല്‍കും. ഓണ്‍ലൈനായോ തപാലിലൂടെയോ സത്യവാങ്മൂലം സമര്‍പ്പിക്കാം. അതിനു കഴിയാത്തവര്‍ തല്‍ക്കാലം നേരിട്ട് എത്തേണ്ടതില്ല.