തൃശൂർ: നിയമസഭാ സ്പീക്കർ എം ബി രാജേഷിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാണെന്ന വ്യാജേന ജോലി തട്ടിപ്പ് നടത്തിയയാൾ പിടിയിലായി. പാലക്കാട് സ്വദേശി പ്രവീൺ ബാലചന്ദ്രനാണ് തൃശൂരിൽ പിടിയിലായത്. വടക്കാഞ്ചേരി അത്താണി മിണാലൂരിലെ ഫ്ലാറ്റിൽനിന്നാണ് ഇയാൾ പിടിയിലായത്.
കോട്ടയത്താണ് ഇയാൾക്കെതിരെ തട്ടിപ്പ് പരാതി വന്നത്. തട്ടിപ്പിന് ഇരയായ ഒരു യുവതി സ്പീക്കറെ നേരിട്ട് ഫോണിൽ വിളിച്ച് പറഞ്ഞതോടെയാണ് ഇത്തരമൊരു തട്ടിപ്പ് നടക്കുന്നതായി അറിഞ്ഞത്. കോട്ടയത്തും പരിസരപ്രദേശങ്ങളിലും നിരവധി പേരിൽനിന്ന് ഇയാൾ പണം കൈപ്പറ്റുന്നതായി അറിയാൻ സാധിച്ചിട്ടുണ്ടെന്ന് സ്പീക്കറുടെ ഓഫീസ് പറഞ്ഞിരുന്നു.
പ്രവീണിനെതിരെ സ്പീക്കറുടെ ഓഫീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഡിജിപിക്ക് പരാതിയും നൽകിയിരുന്നു. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി നിയമനം ലഭിച്ചെന്ന ഇയാളുടെ വ്യാജ സന്ദേശവും പൊലീസിന് ലഭിച്ചു.