ആലപ്പുഴ: ബ്രിട്ടണിലെ ആര്‍ത്തവ ദാരിദ്ര്യവും മലയാളിയും തമ്മില്‍ എന്ത് ബന്ധം എന്ന് ചിന്തിക്കാന്‍ വരെട്ട. വികസിത രാജ്യമായ ബ്രിട്ടണിലെ പെണ്‍കുട്ടികള്‍ അങ്ങിനെയൊരവസ്ഥ നേരിട്ടിരുന്നു. അതിന് അറുതി വരുത്തിയത് അമിക ജോര്‍ജ്ജെന്ന മലയാളി പൊണ്‍കുട്ടിയുടെ പ്രവര്‍ത്തനങ്ങളാണെന്ന് അറിയുമ്പോഴാണ് അഭിമാനം. ആര്‍ത്തവ ദാരിദ്ര്യം സംബന്ധിച്ച് വന്ന പത്ര വാര്‍ത്തയാണ് ഈ 17 കാരിയെ ഇതിനെതിരെ ശബദമുയര്‍ത്താന്‍ പ്രേരിപ്പിച്ചത്. ഇതോടെ അമികയെ തേടിയെത്തിയത് ബ്രിട്ടിഷ് രാജ്ഞിയുടെ എം ബി ഇ പുരസ്‌ക്കാരവും.
ആര്‍ത്തവ ദാരിദ്ര്യമെന്ന് കേട്ടാല്‍ ആരുമൊന്നു നെറ്റി ചുളിച്ചേക്കാം. എന്നാല്‍ സാമ്പത്തികമായി മുന്‍ നിരയില്‍ നില്‍ക്കുന്ന ബ്രിട്ടണില്‍ ആര്‍ത്തവ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം കുറവല്ലായിരുന്നു. ആര്‍ത്തവ സമയത്ത് സാനിറ്ററി പാഡോ, വേദന സംഹാരികളോ വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ മാസത്തില്‍ ഏഴുദിവസം കുട്ടികള്‍ക്ക് പഠനം നഷ്ടമാകുന്ന സ്ഥിതിയായിരുന്നു യുകെയിലുണ്ടായിരുന്നത്. ചില്‍ഡ്രണ്‍സ് ചാരിറ്റി പ്ലാന്‍ ഇന്റര്‍നാഷണല്‍ 2017 ല്‍ നടത്തിയ സര്‍വ്വെയില്‍ യുകെയിലെ 10 പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് അടിസ്ഥാന ആര്‍ത്തവ ഉത്പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയില്ലെന്നു കണ്ടെത്തി. കടുത്ത ആര്‍ത്തവ ദാരിദ്ര്യം ( പിരീഡ് പോവര്‍ട്ടി) നേരിടുന്ന രാജ്യമാണ് യു കെ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സാനിറ്ററി പാഡുകളോ മെന്‍സ്ട്രല്‍ കപ്പോ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ കടലാസുകളും സോക്‌സും പഴന്തുണിയും അടിവസ്ത്രത്തില്‍ തിരുകി വെച്ചാണ് കുട്ടികള്‍ ആ ദിവസങ്ങള്‍ തള്ളി നീക്കിയിരുന്നത്. ഇതിനെതിരെയായിരുന്നു അമിക കാഹളം മുഴക്കിയത്. ‘ഫ്രീ പിരീഡ് ‘ എന്ന ഹാഷ് ടാഗുമായി അമിക രംഗത്തെത്തി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആര്‍ത്തവ ഉത്പ്പന്നങ്ങള്‍ സൗജന്യമായി നല്‍കണം. ഇതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കണം. ഇതായിരുന്നു അമികയുടെ ആവശ്യം.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് അമിക ഇക്കാര്യം ലോകത്തെ അറിയിച്ചത്. നിമിഷ നേരം കൊണ്ട് ഫ്രീ പിരീഡ് ഹാഷ് ടാഗ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. അമിക തന്റെ മുറിയില്‍ ഇരുന്ന് പോസ്റ്റ് ചെയ്ത
ഹാഷ് ടാഗുകള്‍ നിരത്തിലേക്കിറങ്ങാന്‍ അധിക കാലതാമസമുണ്ടായില്ല. 2017 ഡിസംബറില്‍ ആര്‍ത്തവ ദാരിദ്ര്യത്തിനെതിരെ അമികയെ പിന്തുണച്ച് ആയിരങ്ങള്‍ നിരത്തിലിറങ്ങി. ഇതോടെ 2020ല്‍ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ആര്‍ത്തവ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി ആരംഭിച്ചു. ഇതിനിടയില്‍ അമിക ”മേക്ക് ഇറ്റ് ഹാപ്പന്റ് ‘ എന്ന പുസ്തകവും എഴുതി.
സാനിറ്ററി പാഡോ വൃത്തിയുള്ള തുണിയോ വാങ്ങാന്‍ സാധിക്കാത്തതിനാല്‍ പഴന്തുണികളും എന്തിനേറെ പറയുന്നു ചെളി വരെ ഉപയോഗിക്കുന്നവര്‍ ഇന്ത്യയിലുണ്ട്. ശുചിത്വമില്ലായ്മ ഗര്‍ഭാശയ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകും. ഇതിനൊക്കെ അറുതി വരുത്തുന്നതിനുള്ള ശ്രമമായിരുന്നു അമികയുടെ പ്രവര്‍ത്തനങ്ങള്‍
‘ഫ്രീ പിരീഡ് ‘ ക്യാമ്പയിന്‍ തരംഗമായതോടെയാണ് അമികയെ തേടി എം ബി ഇ പുരസ്‌ക്കാരം എത്തിയത്. ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും ജൂണിലാണ് മെംബര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ പുരസ്‌ക്കാരം നല്‍കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലെ വീരന്മാരെ ആദരിക്കാന്‍ ജോര്‍ജ്ജ് അഞ്ചാമന്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌ക്കാരം. 17-ാം വയസ്സില്‍ തുടങ്ങിയ അമികയുടെ പോരാട്ടങ്ങള്‍ക്കു ലഭിച്ച ബഹുമതി. ഈ വര്‍ഷം എംബിഇ പുരസ്‌ക്കാരം നേടുന്ന 457 പേരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് അമിക.
പത്തനംതിട്ട കുമ്പളാം പൊയ്ക സ്വദേശി ഫിലിപ് ജോര്‍ജിന്റെയും കൊല്ലം സ്വദേശിനി നിഷയുടേയും മകളാണ് അമിക ജോര്‍ജ്ജ്. സഹോദരന്‍ മിലന്‍ ജോര്‍ജ്ജ്. അമിക ജനിച്ചതും വളര്‍ന്നതും ബ്രിട്ടണിലാണ്. ബ്രിട്ടനു പുറത്തും പ്രചാരണത്തിന് തയ്യാറെടുക്കുകയാണ് ഇവള്‍. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ അമിക പ്രധാന പഠനവിഷയമാക്കിയിരിക്കുന്നത് ഇന്ത്യന്‍ കൊളോണിയലിസവും അടിമക്കച്ചവടവുമാണ്. ലോകം ഇന്ന് സൈബര്‍ ഇടത്തില്‍ തിരയുന്ന പേരുകളില്‍ ഒന്ന് അമികയാണ്. ലോകത്തു തന്നെ ഏറ്റവും സ്വാധീനമുള്ള 25 കൗമാരക്കാരുടെ പട്ടികയിലും ഈ മലയാളി സ്ഥാനം പിടിച്ചു കഴിഞ്ഞു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഇവള്‍ മാറുമ്പോള്‍ മാറ്റത്തിന്റെ അലയൊലികള്‍ അവസാനിക്കുകയല്ല. ഇത് ഒരു തുടക്കം മാത്രമെന്ന് അമിക പറയുന്നു.