ജമ്മു വ്യോമതാവളത്തിലെ ഇരട്ട സ്‌ഫോടനം; അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി

ന്യൂഡെൽഹി: ജമ്മു വ്യോമതാവളത്തിലെ ഡ്രോണുപയോഗിച്ചുള്ള ഇരട്ട സ്‌ഫോടത്തിന്റെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. സംഭവത്തിൽ എൻഎസ്ജി ബോംബ് സ്‌ക്വാഡിന്റേയും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുക്കൾ വർഷിച്ച ശേഷം ഈ ഡ്രോണുകൾ തിരിച്ചുപറന്നു. രണ്ടുകിലോ വീതം സ്‌ഫോടക വസ്തുക്കൾ ഈ ഡ്രോണുകൾ വർഷിച്ചു എന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നു. സ്‌ഫോടനത്തിന് ആർഡിഎക്‌സ് ഉപയോഗിച്ചോ എന്നും സംശയമുണ്ട്.

വിമാനത്താവളത്തിൽ നിന്ന് പതിനാല് കിലോമീറ്റർ അകലെയാണ് ഇന്ത്യാ-പാക്കിസ്ഥാൻ അതിർത്തി. ഇന്ത്യക്കുള്ളിൽ നിന്ന് ഇവ പറത്തിയതാണോ എന്ന പരിശോധനയും നടക്കുന്നുണ്ട്. 100 മീറ്റർ ഉയരത്തിൽ നിന്നാണ് ഡ്രോണുകൾ ഈ സ്‌ഫോടക വസ്തുക്കൾ വർഷിച്ചതെന്ന് വിദഗ്ധർ പറയുന്നു. വ്യോമസേന താവളത്തിലെ വിമാനങ്ങളായിരുന്നു ലക്ഷ്യം എന്നാണ് സംശയം.

അതിനിടെ ഭീകരസംഘടനകൾ ഡ്രോൺ ഉപയോഗിക്കുന്നുവെന്നും ഇതിനെ ഗൗരവത്തോടെ കാണണമെന്നും ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണത്തിനെതിരായ യുഎൻ മീറ്റിങ്ങിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.