കൊല്ലം: വിസ്മയ കേസിൽ ഭർത്താവ് എസ് കിരണ്‍കുമാറിനെ അന്വേഷണസംഘം വീട്ടിലെത്തിച്ച് തെളിവെടുത്തു. കനത്ത പോലീസ് കാവലിലാണ് പ്രതിയെ വീട്ടിലെത്തിച്ചത്. തെളിവെടുപ്പ് വിവരമറിഞ്ഞ് വൻ ജനക്കൂട്ടവും വീടിന്റെ പരിസരത്ത് തടിച്ചുകൂടിയിരുന്നു.
രാവിലെ മുതൽ ചോദ്യം ചെയ്യലിന് വിധേയനാക്കിയ ശേഷമാണ് അന്വേഷണസംഘം പ്രതിയുമായി തെളിവെടുപ്പിനിറങ്ങിയത്. വിസ്മയയെ കിരണ്‍ പൊതുനിരത്തിലും വീട്ടിൽ വച്ച് മർദ്ദിച്ചുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുൻപ് കൊല്ലത്തെ പോരുവഴി ശാസ്താംനടയിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വിസ്മയയുടെ വീട്ടുകാർ വാങ്ങി നൽകിയ കാറിന്റെ ചില്ല് കിരണ്‍ തകർത്തിരുന്നു.
അതേദിവസം യാത്രയ്ക്കിടെ കിരണ്‍ വിസ്മയയെ മർദ്ദിച്ചുവെന്ന മൊഴിയും പോലീസിന് ലഭിച്ചിട്ടുണ്ട്. മർദ്ദനമേറ്റ വിസ്മയ കാറിൽ നിന്നും ചാടി പ്രദേശത്തെ വീട്ടിൽ ഓടിക്കയറിയെന്നാണ് മൊഴി. ഈ വീട്ടിലെ ഹോം ഗാർഡായി ജോലി ചെയ്യുന്നയാളും കുടുംബവുമാണ് കിരണിനെ തിരിച്ചറിഞ്ഞത്. ഇവിടെ കിരണിനെ എത്തിച്ചും പോലീസ് തെളിവെടുപ്പ് നടത്തി.
അതേസമയം കിരണ്‍കുമാറിന് ജയിലിൽ നിന്നും പുറത്തിറങ്ങാത്ത വിധം പൂട്ടിടാൻ പോലീസ് നീക്കം തുടങ്ങി. കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിർദ്ദേശം നൽകി. വിസ്മയ ജീവനൊടുക്കിയതാണെന്ന സ്ഥിരീകരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെങ്കിലും പോലീസ് ഇക്കാര്യം അന്തിമമായി വിശ്വസിച്ചിട്ടില്ല.
മരണം ഏത് തരത്തിലാണെങ്കിലും ജീവപര്യന്തം കഠിനതടവ് എങ്കിലും പ്രതിക്ക് ലഭിക്കുന്ന രീതിയിൽ കുറ്റപത്രം തയാറാക്കണമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് ഒഴിവാക്കാനുള്ള നീക്കത്തിലാണ് പോലീസ്. വിസ്മയയെ വീട്ടിൽ വച്ചു മാത്രമല്ല പൊതുസ്ഥലത്തും കാറിനുള്ളിലും കിരണ്‍ മർദ്ദിച്ചിരുന്നുവെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
വിസ്മയ മരിച്ച ദിവസം കിരണ്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഒപ്പം മദ്യപിച്ച സുഹൃത്തുക്കളെ പോലീസ് അടുത്ത ദിവസം ചോദ്യം ചെയ്യും. കിരണിന്റെ ബന്ധുക്കളിൽ ചിലർക്കെതിരേയും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ടെങ്കിലും തത്കാലം അന്വേഷണം ഈ ദിശയിലേക്ക് പോകില്ല.