സംസ്ഥാനത്ത് നാല് മാസത്തിനിടെ 1,225 പോക്‌സോ കേസുകൾ;കേസുകളുടെ എണ്ണത്തില്‍ വൻ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ നാല് മാസത്തിനിടെ 1,225 പോക്‌സോ കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. അഞ്ച് ജില്ലകളില്‍ നൂറിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവയില്‍ മലപ്പുറത്താണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 184 കേസുകളാണ് കഴിഞ്ഞ നാല് മാസത്തിനിടെ മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത്.

തിരുവനന്തപുരത്ത് 140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 119 കേസുകള്‍ വീതവും കോഴിക്കോട് ജില്ലയില്‍ 105 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാലും ഈ അഞ്ച് ജില്ലകളില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2019ല്‍ സംസ്ഥാനത്താകെ 3,609 പോക്‌സോ കേസുകളും 2020ല്‍ 3,019 പോക്‌സോ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. ലോക്ക് ഡൗണ്‍ കാലയളവിലും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ കുറവുണ്ടാകുന്നില്ല എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.