കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മഞ്ചേരി പാണ്ടിക്കാട് റോഡ് സ്വദേശി മുഹമ്മദലി ശിഹാബ് പതിറ്റാണ്ടോളമായി ക്വട്ടേഷൻ രംഗത്ത് ഉള്ളയാൾ. കള്ളക്കടത്തുകളിൽ പണമോ സ്വർണമോ തട്ടിയെന്ന് സംശയിച്ച് കാരിയർമാരെ ക്വട്ടേഷൻ സംഘങ്ങൾ നേരിടുന്നത് ക്രൂരമായ മൂന്നാം മുറയുപയോഗിച്ചാണ്. പൊലീസ് വേഷമണിഞ്ഞെത്തി കാരിയർമാരെ തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങൾ വരെ കോഴിക്കോട്ടെ കൊടുവള്ളിയിൽ നടന്നിട്ടുണ്ട്.
2014 ഫെബ്രുവരി 10ന് ഓമശ്ശേരി സ്വദേശി മാക്കിൽ അബ്ദുൽ അസീസിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണിയാൾ. സ്വർണം കളവുപോയ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘമാണെന്ന് പറഞ്ഞാണ് പത്തംഗസംഘം രാത്രി അസീസിനെ വീട്ടിൽനിന്ന് കൈയാമം വെച്ച് ഇന്നോവ കാറിൽ കടത്തിയത്. കേസിൽ ശിഹാബിനെയും മറ്റു പ്രതികളെയും പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രതിയെയും കാറും ഇതുവരെ പിടികൂടാനായിട്ടില്ല.
ആദ്യം പൂനൂർ പുഴയോരത്ത് കൊണ്ടുപോയും പിന്നീട് കെട്ടിത്തൂക്കിയുമാണ് അസീസിനെ മർദിച്ചത്. പ്രതികളിലൊരാളുടെ മണ്ണിൽക്കടവിലെ വീട്ടിലും അടുത്ത ദിവസം കാറിൽ മഞ്ചേരിയിലെ കടമുറിയിൽ പൂട്ടിയിട്ടും മർദിച്ചു. മരിക്കാറായ അസീസിനെ മൂന്നാം നാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സംഘം മുങ്ങി. ഒരുവർഷത്തോളം ചികിത്സയിൽ കഴിഞ്ഞ അസീസ് ഇപ്പോഴും ആരോഗ്യനില വീണ്ടെടുത്തിട്ടില്ല.
അബ്ദുൽ അസീസെന്ന കാരിയറുടെ അനുഭവം അങ്ങനെയാണ്. മരണവക്ക് വരെ പോയി തിരിച്ചു വന്ന അസീസ് കേസിന് പിന്നാലെ നടന്നത് കൊണ്ട് മാത്രം പ്രതികൾക്കെതിരെ കുറ്റപത്രമായി. വിചാരണതുടങ്ങിയില്ല. സ്പെഷ്യൽ പ്രോസിക്കൂട്ടറെ അനുവദിച്ച് കിട്ടുന്നതും കാത്തിരിക്കുകയാണ് അസീസ്.
രാമനാട്ടുകരയിൽ കാറപകടത്തിൽ 6 പേർ മരിക്കാനിടയായ ക്വട്ടേഷൻ കേസിൽ ഒടുവിൽ അറസ്റ്റിലായ മഞ്ചേരി സ്വദേശി മുഹമ്മദ് ശിഹാബ് ആണ് ഈ കേസിലെ പ്രതി. കൊടുവള്ളിക്കു പുറമെ കൊല്ലം ജില്ലയിലും ശിഹാബിനെതിരെ വധശ്രമക്കേസുണ്ട്. തന്റെ അധോലോക ജീവിതത്തിന് മറയിടാൻ രാഷ്ട്രീയ പാർട്ടികൾ മാറി മാറി കളിക്കുന്നയാളാണ് ശിഹാബ്. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വരെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സംസ്ഥാനസെക്രട്ടറിയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയിലെത്തി.
എപി അബ്ദുള്ളക്കുട്ടി മൽസരിച്ച മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹിയായി. സ്വർണ്ണക്കടത്തിൽ പിന്തുണ പ്രതീക്ഷിച്ചാണോ ശിഹാബ് ബിജെപിയിലെത്തിയതെന്ന ചോദ്യം ബാക്കിയാണ്. മൂന്ന് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ശിഹാബ് പൊതുജനമധ്യത്തിൽ വിലസി നടന്നത് ഇത്തരം രാഷ്ട്രീയ പിന്തുണയോടെ തന്നെയെന്ന് ഉറപ്പാണ്.