ന്യൂഡെൽഹി: അടുത്തിടെ റിപ്പോർട്ട് ചെയ്ത ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിൽ ഉൾപ്പെടെ മികച്ച ശേഷിയുളള റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിൻ രാജ്യത്ത് നൽകിത്തുടങ്ങി. ഗുരുഗ്രാമിലെ ഫോർട്ടീസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പൊതുജനങ്ങൾക്കായി സ്പുട്‌നിക് വി നൽകി തുടങ്ങിയത്. വാക്‌സിന്റെ പൈലറ്റ് സോഫ്റ്റ് ലോഞ്ചിംഗാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ.
സ്പുട്‌നിക്കിന്റെ ഇന്ത്യയിലെ വിതരണക്കാരായ ഡോ. റെഡ്ഡീസ് ലബോറട്ടറിയിൽ നിന്നും നേരിട്ട് വാക്‌സിൻ വാങ്ങുകയായിരുന്നുവെന്ന് ഫോർട്ടീസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. 471 പേർക്ക് വാക്‌സിൻ കുത്തിവെച്ചു. ഏപ്രിലിൽ സ്പുട്‌നിക് വി വാക്‌സിന് അടിയന്തര ഉപയോഗത്തിനുളള അനുമതി ഇന്ത്യയിൽ നൽകിയിരുന്നു. ഇന്ത്യയിൽ അനുമതി ലഭിച്ച മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക്. വാക്‌സിന്റെ ഇന്ത്യയിലെ മാർക്കറ്റിങ് പാർട്ണറാണ് ഡോ റെഡ്ഡീസ് ലബോറട്ടറീസ്.
സ്പുട്‌നിക് കൂടി ഉപയോഗിക്കുന്നതോടെ രാജ്യത്ത് വാക്‌സിനേഷന് ഇരട്ടിവേഗം കൈവരുമെന്നാണ് വിലയിരുത്തൽ. നിലവിൽ വാക്‌സിൻ ഡോസുകൾ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. അടുത്ത ദിവസങ്ങളിൽ ഡെൽഹിയിലെ ചില ആശുപത്രികളിൽ കൂടി വാക്‌സിൻ നൽകിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യഘട്ടത്തിൽ രാജ്യത്തെ 28 നഗരങ്ങളിൽ വാക്‌സിനെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നേരത്തെ അറിയിച്ചിരുന്നു.