തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത വര്‍ഷം മാര്‍ച്ചില്‍ വൈദ്യുതി നിരക്ക് വര്‍ധന ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത 5 വര്‍ഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക്, മാര്‍ച്ചില്‍ റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും. ഇതിനു മുന്നോടിയായി നിരക്ക് പുതുക്കുന്നതിനുള്ള കരട് മാനദണ്ഡങ്ങള്‍ കമ്മിഷന്‍ തയാറാക്കി തുടങ്ങി. അടുത്ത മാസം ഇതു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ഉല്‍പാദനച്ചെലവ്, ശമ്പളം, വൈദ്യുതി ബോര്‍ഡിന്റെ വായ്പ തുടങ്ങി 180 ഘടകങ്ങളുടെ അടിസ്ഥാനത്തിലാണു നിരക്കു പുതുക്കുക. നിലവിലുള്ള വൈദ്യുതി നിരക്കിന് അടുത്ത മാര്‍ച്ച് 31 വരെയാണു പ്രാബല്യം. 2018ല്‍ ആണ് 4 വര്‍ഷത്തെ നിരക്ക് ഒന്നിച്ചു പ്രഖ്യാപിച്ചത്. 4 വര്‍ഷവും ഒരേ നിരക്ക് ആയിരുന്നു.
നിരക്ക് പുതുക്കുന്നതിനുള്ള കരട് മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ 3 ജില്ലകളില്‍ കമ്മിഷന്‍ ഹിയറിങ് നടത്തും. തുടര്‍ന്ന് അടുത്ത 5 വര്‍ഷത്തേക്കുള്ള നിരക്ക് പുതുക്കണമെന്ന് ആവശ്യപ്പെട്ടു താരിഫ് പെറ്റീഷന്‍ ഫയല്‍ ചെയ്യാന്‍ വൈദ്യുതി ബോര്‍ഡിനോടു നിര്‍ദേശിക്കും.
താരിഫ് പെറ്റീഷന്‍ ലഭിച്ചാല്‍ അതേക്കുറിച്ചു വീണ്ടും ജില്ലാ തലത്തില്‍ ബന്ധപ്പെട്ട എല്ലാവരുടെയും ഹിയറിങ് നടത്തും. ബോര്‍ഡ് നല്‍കുന്ന കണക്കുകള്‍ കൂടി പരിശോധിച്ചായിരിക്കും പുതുക്കിയ നിരക്കു തീരുമാനിക്കുക.