ന്യൂഡെൽഹി: രാജ്യത്ത് കൊറോണ ചികിത്സയ്ക്കായി ഡി ആർഡിഒ വികസിപ്പിച്ചെടുത്ത 2-ഡിജി മരുന്നിന്റെ വിൽപന ആരംഭിച്ചു. ഡോ റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് ഇന്ത്യൻ വിപണിയിൽ ഇറക്കുന്ന ഈ മരുന്നിന് ഓരോ പാക്കറ്റിനും 990 രൂപയാണ് വില. പരീക്ഷണങ്ങളിൽ ഈ മരുന്നിൻ്റെ ഉപയോഗം കൊറോണയിൽ നിന്നും മുക്തി നേടാൻ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യ തദ്ദേശീമായി വികസിപ്പിച്ചെടുത്ത ഈ മരുന്ന് കൊറോണ ചികിത്സയിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഇൻമാസ്) വികസിപ്പിച്ചെടുത്ത 2-ഡിജി, 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് എന്ന ഈ മരുന്ന് ഡിആർഡിഒയും ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയുടെ സഹകരണത്തോടെയാണ് പുറത്തിറക്കുന്നത്. 2020 ഏപ്രിലിൽ ആരംഭിച്ച ലബോറട്ടറി പരീക്ഷണങ്ങളുടെ ഫലമാണ് ഈ മരുന്ന് കൊറോണ വൈറസിനെതിരെ ഫലപ്രദമാണെന്നും വൈറൽ വളർച്ചയെ തടസ്സപ്പെടുത്തുന്നുവെന്നും കണ്ടെത്തി.
2-ഡിജി പൊടി രൂപത്തിൽ ഉള്ള മരുന്നാണ്. ഇത് വെള്ളത്തിൽ ലയിപ്പിച്ചു വായിലൂടെയാണ് കഴിക്കേണ്ടത്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) മെയ് ഒന്നിന് 2 ഡിജിക്ക് അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകിയതായി പ്രതിരോധ മന്ത്രാലയം ഈ മാസം ആദ്യം അറിയിച്ചിരുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനും മെയ് 17 ന് ആയിരുന്നു മരുന്നിന്റെ ആദ്യ ബാച്ച് പുറത്തിറക്കിയത്.