അഞ്ഞൂറ് രൂപയും കൊണ്ട് മുംബൈയ്ക്ക് വണ്ടി കയറി; ആരോക്യസ്വാമി വേലുമണിക്ക് ഇന്ന് അയ്യായിരം കോടിയ്ക്കടുത്ത് ആസ്തി

എസ് ശ്രീകണ്ഠൻ

മുംബൈ: അഞ്ഞൂറ് രൂപയും കൊണ്ട് 80 കളിൽ മുംബൈയ്ക്ക് വണ്ടി കയറിയ ആരോക്യസ്വാമി വേലുമണിക്ക് ഇന്ന് അയ്യായിരം കോടിയ്ക്കടുത്ത് ആസ്തി.
‘തൈറോകെയർ ‘ എന്ന ആയിരത്തിലേറെ തൈറോയ്ഡ് ടെസ്റ്റിങ് ലാബുകൾ ഉള്ള ആരോക്യസ്വാമി വേലുമണിയുടെ ജൈത്രയാത്ര പുതുതലമുറയ്ക്ക് പ്രചോദനം പകരുന്നു. ശാസ്ത്രജ്ഞൻ സംരംഭകനായ വിജയകഥ ത്രസിപ്പിക്കുന്നതു തന്നെ.

1959ൽ ആരോക്യസ്വാമിയ്ക്കും സായമ്മാളിനും വേലുമണി പിറക്കുമ്പോൾ കയറിക്കിടക്കാൻ ഒരു കൂരയില്ല. ഒരു തുണ്ട് ഭൂമിയില്ല. കോയമ്പത്തൂരിനടുത്ത് പുദൂരിലെ അപ്പനൈക്കൻപട്ടിയിലെ കൊച്ചു വാടക വീട്. അതിൻ്റെ ഉമ്മറത്ത് റാന്തലിൻ വെട്ടത്തിലിരുന്ന് വേലുമണി രാവു പകലാക്കി പഠിച്ചു. കൃഷിപ്പണി ചെയ്യുന്ന അച്ഛൻ, എരുമപ്പാൽ വിൽക്കുന്ന അമ്മ. അവർ നേടുന്ന നാണയ തുട്ടിൻ്റ വിലയറിഞ്ഞ് വേലുമണി വളർന്നു.

കോയമ്പത്തൂർ ശ്രീ വെങ്കിടേശ്വര ഹൈസ്ക്കൂളിലെ മിടുക്കൻ. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ് സി. തുടർ പoനത്തിന് കാശില്ലാതെ വന്നപ്പോൾ ജമിനി കാപ്സ്യൂൾസ് എന്ന കോയമ്പത്തൂരിലെ കൊച്ച് കമ്പനിയിൽ ഷിഫ്റ്റ് കെമിസ്റ്റ്. മൂന്ന് കൊല്ലം അവിടെ തുടർന്നു. കമ്പനി പൂട്ടിയപ്പോൾ വേലുമണി മുംബൈക്ക്. കയ്യിൽ 500 രൂപ. മുംബൈയിൽ എത്തിയ വേലുമണിക്ക് അധികം വൈകാതെ ഭാഭ അറ്റോമിക് റിസർച്ച് സെൻ്ററിൽ ലാബ് അസിസ്റ്റൻ്റായി ജോലി കിട്ടി. അവിടെയും വേലുമണി പoനം തുടർന്നു. മാസ്റ്റേഴ്സ് എടുത്തു. ലാബ് അസിസ്റ്റൻറ് സാവധാനം സയൻ്റിസ്റ്റായി. 95ൽ തൈറോയ്ഡ് ബയോകെമിസ്ട്രിയിൽ പിഎച്ച്ഡി നേടി.

ബാർക്കിൽ തന്നെ ഒതുങ്ങാൻ വേലുമണി തയ്യാറായില്ല. ഒരു സംരംഭകനാവണം. പങ്കാളി സ്റ്റേറ്റ് ബാങ്ക് ജീവനക്കാരിയായ സുമതിയെയും കൂട്ടി സ്വന്തം സംരംഭം. തൈറോകെയർ എന്ന തൈറോയ്ഡ് ടെസ്റ്റിങ് ലാബ്. മുംബൈയിൽ തുടങ്ങിയ തൈറോകെയർ നാടുനീളെ ഫ്രാഞ്ചൈസി കൊടുത്തു. ഇന്ന് ആയിരത്തിലേറെ തൈറോയ്ഡ് ടെസ്റ്റിങ് ലാബുകൾ തൈറോകെയറിന് കീഴിലുണ്ട്.

ഇന്ത്യയ്ക്ക് പുറമെ നേപ്പാളിലും ബംഗ്ലാദേശിലും ഗൾഫിലും ലാബുകൾ. 2016ൽ ഐപിഒ . തൈറോകെയർ ഓഹരികൾക്ക് 72.86 മടങ്ങ് അപേക്ഷകർ. അങ്ങനെ വളർന്ന് പന്തലിച്ച തൈറോകെയർ ഒടുവിൽ വിൽക്കാൻ വേലുമണി തീരുമാനിച്ചിരിക്കുന്നു. ഫാം ഈസിയുടെ മാതൃ കമ്പനിയായ എപിഐ ഹോൾഡിങ്സാണ് തൈറോകെയർ വാങ്ങുന്നത്.

ധാരണയനുസരിച്ച് തൈറോ കെയറിൻ്റെ 66.1% ഓഹരികൾ വേലുമണി എപിഐ ഹോൾഡിങ്സിന് കൈമാറും. ഓഹരി ഒന്നിന് 1,300 രൂപ. വേലുമണിക്ക് കിട്ടുക 4,546 കോടി. പുതിയ കമ്പനിയിൽ അഞ്ചു ശതമാനത്തിൽ താഴെ ഓഹരികൾ വേലുമണി നിലനിർത്തും. തൈറോകെയർ ഡീലിസ്റ്റ് ചെയ്യണോ അതോ എപിഐ ഹോൾഡിങ്സ് ലിസ്റ്റ് ചെയ്യണോ എന്ന് പിന്നീട് തീരുമാനിക്കും.

എപിഐ ഹോൾഡിങ്ങ്സ് എന്ന യുണീകോൺ കമ്പനി തൈറോകെയർ എന്ന ലിസ്റ്റഡ് കമ്പനിയെ ഏറ്റെടുത്തിരിക്കുന്നു. എപിഐയുടെ സഹസ്ഥാപകൻ 32 കാരൻ സിദ്ധാർത്ഥ് ഷായും തൈറോകെയർ ചെയർമാൻ 62 കാരൻ വേലുമണിയും കഴിഞ്ഞ ദിവസം വിൽപ്പനക്കരാർ ഒപ്പിട്ടു. ലോണവാലയിലെ വേലുമണിയുടെ വസതിയിൽ കരാർ ഒപ്പുവെയ്ക്കുമ്പോൾ പുറത്ത് ചന്നം പിന്നം മഴ.

മസാല ചായയുടെ ആവിയിൽ തലമുറ മാറ്റത്തിൻ്റെ സൂചന നൽകി വേലുമണി.’My exit will be a motivation to many.Having come to Mumbai with 500 rupees and exiting close to 5,000 crore.The zeros don’t matter any more. വേലുമണി തൽക്കാലം ഭാവി പറയുന്നില്ല. ഭാര്യ സുമതി ഇന്നില്ല. മക്കളായ ആനന്ദും അമൃതയും അച്ഛന് പിന്നിലുണ്ട്. മൂവരുടെയും മനസ്സിൽ എന്തെങ്കിലും കാണും . തീർച്ച. എളിമയാർന്ന ഈ മനുഷ്യൻ എന്തായാലും വന്ന വഴി മറക്കുന്ന ടൈപ്പല്ല. എന്ത് അദ്ദേഹം തീരുമാനിച്ചാലും സമൂഹത്തിന് അതിൻ്റെ ഗുണമുണ്ടാകുമെന്ന് ഉറപ്പ്.