ശ്രീനഗര്‍: വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് ജമ്മു കശ്മീരില്‍ അതി സുരക്ഷാമേഖലയില്‍ മറ്റൊരു ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ കലുചക് സൈനിക താവളത്തിലാണ് ഡ്രോണിനെ കണ്ടത്. ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ട ജവാന്മാര്‍, ഇതിനെ വെടിവെച്ച് വീഴ്ത്താന്‍ ശ്രമിച്ചു. എന്നാൽ ഡ്രോണ്‍ ഇരുട്ടില്‍ മറഞ്ഞതായും ഇതിനായുള്ള തെരച്ചില്‍ തുടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്നലെ പുലര്‍ച്ചെയാണ് ജമ്മു വ്യോമസേന താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ഇരട്ട സ്‌ഫോടനം നടന്നത്. ഡ്രോണ്‍ സ്‌ഫോടകവസ്തുക്കള്‍ താഴേക്ക് വര്‍ഷിക്കുകയായിരുന്നു. അടുത്തടുത്ത സമയങ്ങളിലായാണ് സ്‌ഫോടനം നടന്നത്. ഒരു സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ റൂഫിന് കേടുപാടുകള്‍ സംഭവിച്ചു. കേസ് ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മറ്റൊരു ഡ്രോണ്‍ ജമ്മുവില്‍ സുരക്ഷാസേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇന്നലത്തെ സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ അതീവ ജാഗ്രതയാണ്.
അതേസമയം മണിക്കൂറുകള്‍ക്ക് മുന്‍പ് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ക്കും ഭാര്യയ്ക്കും പിന്നാലെ വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മകളും മരിച്ചു. ഇന്നലെ രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി ഭീകരരാണ് കുടുംബത്തിന് നേരെ ആക്രമണം നടത്തിയത്. സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ഫയാസ് അഹമ്മദാണ് വീരമൃത്യു വരിച്ചത്. ഉടന്‍ തന്നെ ഫയാസിനെയും ഭാര്യയെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.