മന്ത്രി വി ശിവന്‍കുട്ടി പ്രതിയായ നിയമസഭാ കൈയാങ്കളി കേസ്; ഹൈക്കോടതി തളളിയതിന് എതിരായ അപ്പീൽ സുപ്രീംകോടതി പരിഗണിക്കും

കൊച്ചി: മന്ത്രി വി ശിവന്‍കുട്ടി അടക്കം പ്രതികളായ നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി തള്ളിയതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി നാളെ പരിഗണിക്കും.
സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകനായ രഞ്ജിത്ത് കുമാര്‍ ഹാജരാകും. സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി നല്‍കിയ കേസ് നിലനില്‍ക്കില്ലെന്നാണു സര്‍ക്കാരിന്റെ വാദം. ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണു കേസ് പരിഗണിക്കുന്നത്.

മന്ത്രി ശിവൻകുട്ടിക്കു പുറമേ ഇപി ജയരാജന്‍, കെടി ജലില്‍, കെ അജിത്ത് എന്നിവരടക്കമുള്ള എംഎല്‍എമാര്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചേർത്താണ് കേസ്. ഇത് പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ബാഹ്യഇടപെടലുകള്‍ ഇല്ലാതെ ഉത്തമവിശ്വാസത്തോടെയാണു കേസ് പിന്‍വലിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തീരുമാനിച്ചതെന്നു കേരളം ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.

സിആര്‍പിസി സെക്ഷന്‍ 321 പ്രകാരം കേസ് പിന്‍വലിക്കാനുള്ള തീരുമാനം പബ്ലിക് പ്രോസിക്യൂട്ടറുടേതാണ്. ഹൈക്കോടതിയ്ക്കു ഈ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ല. കേസ് എഴുതിതള്ളാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. സംഭവത്തില്‍ നഷ്ടം സര്‍ക്കാരിനാണ്. സ്പീക്കറുടെ അനുവാദമില്ലാതെയാണു ദൃശ്യങ്ങള്‍ എടുത്തതെന്നുമാണു സര്‍ക്കാരിന്റെ വാദം.

2015 മാര്‍ച്ച് 13 നു ബാര്‍ കോഴ വിവാദം കത്തിനില്‍ക്കേ അന്നത്തെ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനാണു നിയമസഭയില്‍ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എംഎല്‍എമാര്‍ ശ്രമിച്ചത്. സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ടു. സംഭവത്തിൽ കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.

കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഇടതു സർക്കാർ അധികാരത്തില്‍ വന്നതോടെ കേസ് പിന്‍വലിക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍, തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുത് എന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കിയിട്ടുണ്ട്.