പ്രിയങ്കയുടെ ആത്മഹത്യ; അറസ്റ്റ് വൈകി, ശാന്ത രാജൻ പി ദേവ് ഒളിവിൽ പോയെന്ന് പൊലീസ്

തിരുവനന്തപുരം: നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടാം പ്രതിയും ഭർതൃമാതാവുമായ ശാന്ത രാജൻ പി ദേവ് ഒളിവിൽ പോയതായി പൊലീസ്. ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ലെന്നാണു പൊലീസ് പറയുന്നത്. ശാന്ത കൊറോണ ബാധിതയാണ്. നെഗറ്റീവായാൽ കേസിൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

സംഭവത്തിൽ കേസ് അട്ടിമറിക്കാനുള്ള നീക്കം ആരോപിച്ച്‌ പ്രിയങ്കയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. ജൂൺ10 ന് രാത്രിയിൽ പ്രിയങ്കയെ വീട്ടിൽ നിന്ന് ഇറക്കിവിടുകയും ഉണ്ണിയും അമ്മ ശാന്തയും ചേർന്ന് മർദിച്ചെന്നുമാണു പരാതി. സംഭവത്തിൽ അറസ്റ്റിലായ നടൻ ഉണ്ണി രാജ് പി ദേവും അമ്മ ശാന്തയും ഉപദ്രവിച്ചെന്ന് മകൾ പറഞ്ഞിരുന്നതായി പ്രിയങ്കയുടെ കുടുംബം പറഞ്ഞു.

തിരുവനന്തപുരം വെമ്പയം സ്വദേശിയും കൊച്ചിയിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയുമായ പ്രിയങ്കയും ഉണ്ണിയും തമ്മിൽ ഒന്നര വർഷം മുൻപ് പ്രണയിച്ചായിരുന്നു വിവാഹം. എന്നാൽ പ്രിയങ്കയുടെ കുടുംബ പശ്ചാത്തലത്തെ കുറ്റപ്പെടുത്തിയും പണം ആവശ്യപ്പെട്ടും മാസങ്ങളായി നടന്ന മാനസികശാരീരിക ഉപദ്രവമാണ് പ്രിയങ്കയുടെ മരണത്തിനു കാരണമെന്ന് ഉണ്ണിയെ ചോദ്യം ചെയ്തതോടെ വ്യക്തമായത്.

പീഡനമെല്ലാം ഉള്ളിലൊതുക്കി അങ്കമാലിയിൽ ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞിരുന്ന പ്രിയങ്കയെ ആത്മഹത്യയിലേക്ക് നയിച്ചത് ജൂൺ 10ന് നടന്ന ഉപദ്രവമെന്നാണ് പൊലീസിന്റെ നിഗമനം. അന്ന് മർദിച്ചവശയാക്കിയ ശേഷം രാത്രി മുഴുവൻ വീട്ടിൽ കയറ്റാതെ മുറ്റത്ത് നിർത്തി. ഇതിന്റെ തെളിവായി മർദനമേറ്റ പാടുകളുടെ ദൃശ്യങ്ങളും ചീത്തവിളിക്കുന്നതിന്റെ ശബ്ദരേഖയും പരാതിയോടൊപ്പം ജീവനൊടുക്കും മുൻപ് പ്രിയങ്ക തന്നെ പൊലീസിന് കൈമാറിയിരുന്നു.

ഭർത്താവിന്റെ വീട്ടിൽനിന്ന് സ്വന്തം വീട്ടിലെത്തിയതിന് ശേഷമാണ് പ്രിയങ്ക തൂങ്ങി മരിച്ചത്. മരിക്കുന്നതിന് തൊട്ടുമുൻപ് രണ്ട് തവണ ഉണ്ണിയോട് ഫോണിൽ സംസാരിച്ചതായും തെളിഞ്ഞു. ശാരീരിക പീഡനത്തിന് പുറമേയുള്ള ഭീഷണിയും ഈ ഫോൺ വിളിയിലുണ്ടായതാവാം ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും പൊലീസ് കരുതുന്നു.