കൊല്ലം: കരിയിലക്കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസിൽ വഴിത്തിരിവ്. അമ്മ രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിൻ്റെ ഐഡി അനന്തു എന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ അനന്തു എന്ന പേരിലുള്ള ഈ അക്കൗണ്ട് വ്യാജമെന്നാണ് സംശയം. കാമുകനുവേണ്ടി കുഞ്ഞിനെ ഒഴിവാക്കിയെന്നായിരുന്നു രേഷ്മ പൊലീസിന് മൊഴി നൽകിയിരുന്നത്.
പലയിടങ്ങളിലും പോയിട്ടും രേഷ്മയ്ക്ക് അനന്തുവിനെ കാണാനായില്ലായിരുന്നു. അനനന്തുവിനെ കാണാൻ വേണ്ടി പല സ്ഥലങ്ങളിലും രേഷ്മ എത്തിയിരുന്നു. എന്നാൽ ഒരിക്കൽ പോലും നേരിട്ട് രേഷ്മയ്ക്ക് തന്റെ കാമുകനെ കാണാനായിട്ടില്ല. ഒരു ഫേസ്ബുക്ക് ഐഡി മാത്രം വെച്ച് എങ്ങനെ ഇയാളെ കണ്ടെത്താനാവുമെന്നാണ് പൊലീസ് ആശങ്കപ്പെടുന്നത്.
രേഷ്മയും അനന്തുവും ചില വാട്സാപ് ചാറ്റുകളും നടത്തിയിട്ടുണ്ട്. വാട്സാപ് കോളുകൾ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. കേസ് അന്വേഷണത്തിൽ സൈബർ ഉദ്യോഗസ്ഥരുടെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. ഇതിനപ്പുറം കേസിൽ ദിനംപ്രതി ദുരൂഹതയേറുകയാണ്.
കേസുമായി ബന്ധപ്പെട്ട് ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച രേഷ്മയുടെ ബന്ധുക്കളായ രണ്ട പെൺകുട്ടികൾ ആത്മഹത്യ ചെയ്തിരുന്നു. രേഷ്മയുടെ ഭർത്താവിന്റെ സഹോദര ഭാര്യ ആര്യ, ഭർത്താവിന്റെ സഹോദരി പുത്രി ഗ്രീഷ്മ എന്നിവരുടെ മൃതദേഹങ്ങളാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ലഭിച്ചത്.
രേഷ്മ ചതിക്കുകയായിരുന്നു എന്നാണ് ഇവരുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നത്. ആത്മഹത്യ ചെയ്ത ആര്യയുടെ സിം കാർഡാണ് രേഷ്മ ഏറെ നാളായി ഉപയോഗിച്ചിരുന്നത്. ഇതിന്റെ വിവരങ്ങൾ അറിയാനാണ് പൊലീസ് വിളിപ്പിച്ചത്.