കൊച്ചി: സിനിമാട്ടോഗ്രാഫര്‍ ചമഞ്ഞു ക്യാമറകള്‍ വാടകയ്‌ക്കെടുത്തു ഒഎല്‍എക്‌സ് വഴി മറിച്ചു വില്‍പ്പന നടത്തിവന്ന സഹോദരരിൽ ഒരാൾ പോലീസ് പിടിയില്‍. പുനലൂര്‍ സ്വദേശി ചരുവിള പുത്തന്‍വീട്ടില്‍ ഷൈന്‍(31) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. സിനിമാട്ടോഗ്രാഫര്‍ ചമഞ്ഞു ക്യാമറകള്‍ വാടകയ്ക്ക് കൊടുക്കുന്ന നിരവധി പേരില്‍ നിന്നായി വീഡിയോ ക്യാമറകളും സ്റ്റില്‍ ക്യാമറകളും വാടകയ്ക്ക് എടുക്കുന്ന ഷൈന്‍, ഒഎല്‍എക്‌സ്. വഴിയും ഇടനിലക്കാര്‍ വഴിയും വില്‍പ്പന നടത്തുകയായിരുന്നു. ഷൈന്റെ സഹോദരന്‍ ഷൈജുവുമായി ചേര്‍ന്നായിരുന്നു തട്ടിപ്പ്. ഇയാൾ ഒളിവിൽ പോയി.
സിനിമ ചിത്രീകരണത്തിനും മറ്റും ക്യാമറ വാടകയ്ക്ക് കൊടുത്തിരുന്ന പുല്ലേപടി സ്വദേശി ശിവപ്രകാശിന്റെ ക്യാമറയും ലെന്‍സുകളും കഴിഞ്ഞ ഏപ്രിലില്‍ ഷൈന്‍ സിനിമ ഷൂറ്റിങ്ങിനെന്ന് പറഞ്ഞ് 3000 രൂപ ദിവസ വാടകയ്ക്ക് എടുത്തിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാടകയും ക്യാമറയും തിരിച്ചു കിട്ടാതായതോടെ ഇയാളെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നോര്‍ത്ത് പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വഷണത്തില്‍ കേരളത്തില്‍ ഉടനീളം ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചു. ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രതി താരങ്ങളോടൊപ്പം സിനിമാസെറ്റുകളില്‍ വെച്ചെടുത്ത ഫോട്ടോകള്‍ കാണിച്ചാണ് ഇടപാടുകരെ വിശ്വസിപ്പിച്ചിരുന്നത്.
ഇയാള്‍ പിടിയിലായ വിവരം അറിഞ്ഞു ക്യാമറ വാടകയ്ക്ക് കൊടുത്ത നിരവധി പേര്‍ പരാതിയുമായി വന്നിട്ടുണ്ട്. ഷൈനെതിരെ വിവിധ പോലീസ് സ്‌റ്റേഷനികളിലും ഇത്തരത്തില്‍ പരാതിയുണ്ട്. ഇയാള്‍, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിന്നായി തട്ടിപ്പ് നടത്തി കൈക്കലാക്കിയ നിരവധി ക്യാമറകള്‍ വിവിധ ജില്ലകളില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
കാര്‍ വില്‍ക്കാനുണ്ട് എന്ന പരസ്യം നല്‍ക്കുന്നവരെ സമീപിക്കും. കാര്‍ വാങ്ങി പെന്റിങ് ഉള്ള ലോണ്‍ അടച്ചു തീര്‍ത്തുകൊള്ളാം എന്ന് പറഞ്ഞു വാഹനയുടമയെ പറഞ്ഞു വിശ്വസിപ്പിക്കും. അഡ്വാന്‍സ് ആയി ചെറിയ തുക കൊടുക്കും. പിന്നീട് ബാക്കി വരുന്ന തുകയ്ക്ക് പകരമായി തട്ടിപ്പ് നടത്തി കൈക്കലാക്കിയ ക്യാമറകളും ലെന്‍സുകളും കൊടുക്കുകയും ചെയ്യുന്നതായിരുന്നു പതിവ് രീതി.
ഷൈന്‍ നടത്തിയ ഇടപാടുകള്‍ക്കായി ഷൈജുവിന്റെയും, ഷൈജു നടത്തിയ ഇടപാടുകള്‍ക്കായി ഷൈനിന്റെയും തിരിച്ചറിയല്‍ കാര്‍ഡും മൊബൈല്‍ നമ്പറും ആണ് നല്‍കി വന്നിരുന്നത്. തുടര്‍ന്ന് പരാതിക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ ഇതിനെക്കുറിച്ച് അറിയില്ല എന്ന് പറഞ്ഞു തടിയൂരുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഷൈജു വിദേശത്തേക്ക് കടന്നുവെന്നാണ് വിവരം. ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് സര്‍ക്കലര്‍ ഇറക്കും. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു ചക്കിലത്തിൻ്റെ നിർദ്ദേശാനുസരണമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.