കൊച്ചി: മാധ്യമ പ്രവർത്തകൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ. ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ തിരുവല്ല പെരുന്തുരുത്തി കാവുംഭാഗം പഴയചിറ വീട്ടിൽ ബിനു പി ചാക്കോയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെ പാലാരിവട്ടം പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഭാരത ശബ്ദം പ്രസിദ്ധീകരണത്തിൻ്റെ സീനിയർ സബ് എഡിറ്റർ, കേരള ടുഡെ പി ആർ.ഒ തുടങ്ങിയ ഐഡൻ്റിറ്റി കാർഡുകൾ ബിനുവിൽ നിന്ന് പിടിച്ചെടുത്തു. നിലവിൽ ഇല്ലാത്ത സ്ഥാപനങ്ങൾ ആണ് ഇവയെന്ന് പോലീസ് പറഞ്ഞു.
സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി നൽകാമെന്ന് അവകാശപ്പെട്ട് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന് ഇടുക്കി സ്വദേശിനിയാണ് പരാതി നൽകിയിരിക്കുന്നത്. പാലാരിവട്ടത്തെ ബാങ്കിലെ അക്കൗണ്ടിലേക്കു യുവതി പണം ഇട്ടു നൽകിയിരുന്നു. തുടർന്നാണു പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകിയത്. കസ്റ്റഡിയിലുള്ള ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു. നേരത്തെയും സമാന പരാതികൾ ഇയാൾക്കെതിരെ ഉയർന്നിരുന്നു.
നിലവില്‍ ഇയാള്‍ക്കെതിരെ ഇടുക്കി കഞ്ഞിക്കുഴി, കോട്ടയംവെസ്റ്റ്, കുറവിലങ്ങാട്, ചങ്ങനാശേരി, മണ്ണാര്‍ക്കാട്, എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനുകളിലും കേസുണ്ട്. കോടിക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിപ്പുകളിലൂടെ കൈക്കലാക്കിയത്. ഇയാള്‍ സമാന സ്വഭാവമുള്ള കേസുകളില്‍ അറസ്റ്റിലായി മുമ്പും ജയിലില്‍ കിടന്നിട്ടുള്ളയാളാണ്. 2020ല്‍ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തില്‍ ഇറങ്ങി വീണ്ടും തട്ടിപ്പ് നടത്തിവരികയായിരുന്നു. ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ അന്വേഷിക്കുന്നുണ്ട്.
എംബിബിഎസ് കോഴ്സിന് സീറ്റ് വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലും ഇയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സ്വദേശി നൗഷാദിന്റെ പാരാതിയിലാണ് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തത്. 2019-ൽ തൃശ്ശൂരിലുള്ള സ്ഥാപനത്തിൽ പ്രവേശനം നൽകാമെന്ന് വിശ്വസിപ്പിച്ച് തുക തട്ടിയെടുക്കുകയായിരുന്നു.
പ്രവേശനം ലഭിക്കാതെ വന്നതോടെ തുക മടക്കി ആവശ്യപ്പെട്ടെങ്കിലും ഇയാൾ മുങ്ങി. കോട്ടയത്തുവെച്ചാണ് പ്രതി പരാതിക്കാരുമായി പരിചയപ്പെടുന്നത്. സഭയ്ക്ക് നൽകാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് വഴി തുക വാങ്ങുകയായിരുന്നു. മെഡിക്കൽ സീറ്റ് തട്ടിപ്പിനുപിന്നിൽ മറ്റ് പ്രതികളുണ്ടെന്നും ഇവർക്കായി അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
റെയിൽവേയിലും വിവിധ സർക്കാർ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയതിനും വിവിധ സ്ഥലങ്ങളിൽ ആഡംബര ഫ്ലാറ്റുകൾ വാടകയ്ക്കെടുത്ത് പണം നൽകാതെ കബളിപ്പിച്ചതുൾപ്പെടെ അറസ്റ്റിലായ ബിനു ചാക്കോയ്ക്കെതിരെ നിരവധി തട്ടിപ്പ് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. നൗഷാദിന്റെ പരാതിയിൽ അന്വേഷണം തുടങ്ങിയതോടെ ഒളിവിൽപോയ പ്രതിയെ കോട്ടയം റെയിൽവേ സ്റ്റേഷന് സമീപമുള്ള ഫ്ലാറ്റിൽ നിന്ന് പോലീസ് പിടികൂടുകയായിരുന്നു.