ന്യൂഡെൽഹി: കോവിഷീൽഡും കോവാക്സിനും കൊറോണ വൈറസിൻറെ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാൻ ഏറെ ഫലപ്രദമാണെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കൊറോണ -ഡെൽറ്റ പ്ലസ് വകഭേദത്തിന് എതിരായ ഇവയുടെ പ്രതിരോധശേഷി സംബന്ധിച്ച പരിശോധനകൾ പുരോഗമിക്കുകയാണെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ ചൂണ്ടിക്കാട്ടി.
വിവിധ വകഭേദങ്ങളെ ചെറുക്കാനുള്ള വാക്സിനുകളുടെ കഴിവ് സംബന്ധിച്ച ആഗോള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കോവാക്സിനും കോവിഷീൽഡും ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കാൻ ഏറെ ഫലപ്രദമാണെന്ന വിലയിരുത്തൽ നടത്തിയത്. കൊറോണയുടെ വിവിധ വകഭേദങ്ങളെ നേരിടുന്നതിൽ മറ്റ് വാക്സിനുകളെ അപേക്ഷിച്ച് കോവിഷീൽഡിൻ്റെയും കോവാക്സിൻ്റെയും പ്രതിരോധശേഷി മികച്ചതാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
ആൽഫ വകഭേദത്തെ നേരിടാൻ കോവിഷീൽഡാണ് ഫലപ്രദമെങ്കിൽ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിന് ‘കോവാക്സിൻ’ ആണ് കുറച്ചുകൂടി നല്ലത്. അങ്ങിനെ കോവിഷീൽഡിൻറെയും കോവാക്സിൻ്റെയും പ്രതിരോധ ശേഷി ഓരോ വകഭേദങ്ങളുടെ കാര്യത്തിലും വ്യത്യസ്തമാകും. വിദേശ വാക്സിനുകളായ ഫൈസറും മോഡേണയുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡിന്റെ എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കുന്നതിൽ ഇരു വാക്സിനുകളും വളരെ മുന്നിലാണെന്ന് ബൽറാം ഭാർഗവ ചൂണ്ടിക്കാട്ടി.