ന്യൂഡെൽഹി: വാക്‌സിൻ നിറയ്ക്കാത്ത സിറിഞ്ചു കൊണ്ട് യുവാവിന് കുത്തിവയ്പ്പു നൽകി നഴ്‌സ്. ബീഹാറിലെ ഛപ്രയിൽ ആണ് സംഭവം. കുത്തിവയ്പ് എടുക്കാൻ പോയ അമാൻ എന്ന യുവാവിനാണ് വാക്‌സിൻ ഇല്ലാതെ കുത്തിവയ്പ്പ് കിട്ടിയത്. ജോലിയിൽ തിടുക്കം കൂട്ടിയ നഴ്‌സാണ് വാക്‌സിൻ ഇല്ലാതെ കുത്തിവയ്പ്പ് നൽകിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്.
നഴ്‌സ് മറ്റുള്ളവരുമായി സംസാരിക്കുന്നതും വാക്സിൻ ഡോസ് ഇല്ലാതെ സിറിഞ്ച് വേഗത്തിൽ സൂചിയിലേക്ക് തള്ളുന്നതും വീഡിയോയിൽ കാണാം. ജൂൺ 21 ന് ബഡാ ഇമാംബര പ്രദേശത്തിന് സമീപമുള്ള ഛപ്ര നഗരത്തിലെ വാർഡ് നമ്പർ 1 ലാണ് സംഭവം.
നഴ്‌സിനെതിരെ നടപടി ആവശ്യപ്പെട്ട് സോഷ്യൽമീഡിയയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. യുവാവിന് കുത്തിവയ്‌പ്പെടുക്കുന്നതിന്റെ വീഡിയോ ഷൂട്ട് ചെയ്യാൻ സമീപത്ത് സുഹൃത്ത് നിൽക്കുകയായിരുന്നു. സംഭവം ക്യാമറയിൽ പതിഞ്ഞത് ഇങ്ങനെയാണ്. അതേസമയം, ശൂന്യമായ വാക്‌സിനേഷന് ഇരയായ ആൾക്ക് ആവശ്യപ്പെടുന്ന ഏത് സമയത്തും വാക്സിൻ ഡോസ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
നഴ്‌സ് ചന്ദ കുമാരിക്ക് (48) കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശരൺ ജില്ലാ ഇമ്മ്യൂണൈസേഷൻ ഓഫീസർ (ഡിഐഒ) ഡോ. അജയ് കുമാർ പറഞ്ഞു. നഴ്‌സിനെ ഡ്യൂട്ടിയിൽ നിന്ന് നീക്കി. എന്നാൽ നഴ്‌സ് മനപൂർവ്വം തെറ്റ് ചെയ്തിട്ടില്ലെന്നും ഡിഐഒ കൂട്ടിച്ചേർത്തു. വാക്‌സിനേഷൻ സെന്ററിലെ തിരക്കാണ് ഇത്തരത്തിൽ തെറ്റ് സംഭവിക്കാൻ കാരണമായതെന്നും അവർ പറയുന്നു.