രാമനാട്ടുകര സ്വർണക്കടത്ത് കേസ്; സിപിഎമ്മുമായി മൂന്നു വർഷത്തിൽ ഏറെയായി തനിക്ക് ബന്ധമില്ലെന്ന് അർജുൻ ആയങ്കി

കണ്ണൂർ : മൂന്നു കൊല്ലത്തിൽ ഏറെയായി സി പി എമ്മുമായി തനിക്ക് ബന്ധമില്ലെന്ന്
രാമനാട്ടുകര സംഭവവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ പോലീസ് അന്വേഷിക്കുന്ന അർജുൻ ആയങ്കി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അഞ്ചു പേരുടെ മരണത്തിന് ഇടയായ രാമനാട്ടുകര വാഹനാപകടത്തിൻ്റെ സ്വർണ്ണക്കടത്ത് ബന്ധത്തിൽ അർജുൻ ആയങ്കിക്കായി പോലീസ് ഊർജ്ജിത തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാളുടെ വിശദീകരണം.

മൂന്ന് കൊല്ലത്തിലധികമായി സിപിഎമ്മിന്റെയോ ഡിവൈഎഫ്‌ഐയുടെയോ മെമ്പർഷിപ്പിലോ പ്രവർത്തന മേഖലയിലോ ഇല്ലാത്തയാളാണ് താൻ. യാതൊരുവിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാതെ ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നു എന്നതുകൊണ്ട് എനിക്കെതിരെയുള്ള ഏതെങ്കിലും ആരോപണങ്ങൾക്ക് മറുപടി പറയാൻ ആ പാർട്ടി ബാധ്യസ്ഥരല്ലെന്ന് അർജുൻ പറയുന്നു.

എന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ എന്റെ വ്യക്തിപരമായ ഇഷ്ട്ടമാണ്.
മാദ്ധ്യമങ്ങൾ പടച്ചുവിടുന്ന അർദ്ധസത്യങ്ങൾ വളരെ രസകരമായി വീക്ഷിക്കുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി നിരപരാധിത്വം തെളിയിക്കുന്നത് വരെ ക്ഷമിക്കുക.കൂടുതൽ കാര്യങ്ങൾ വഴിയേ പറയാമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.