ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടിയില്ല; സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌ക്കരിച്ച് സമരത്തിൽ

മാവേലിക്കര: കൊറോണ ഡ്യൂട്ടിക്കിടെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ ഇന്ന് ഒപി ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍. രാവിലെ പത്ത് മുതല്‍ 11 വരെയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി ബഹിക്കരിച്ച് സമരം നടത്തിയത്.

അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഇ സഞ്ജീവനി അടക്കമുള്ള സ്പഷ്യാലിറ്റി ഒപികളും പ്രതിഷേധത്തെ തുടര്‍ന്ന് ബഹിഷ്‌ക്കരിച്ചിട്ടുണ്ട്. എല്ലാ സ്ഥാനപനങ്ങളിലും പ്രതിഷേധ യോഗങ്ങളും ചേരുന്നുണ്ട്. കൊറോണ ചികിത്സ അടക്കമുള്ള അത്യാഹിത വിഭാഗത്തെ ബഹിഷ്‌ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംഭവം നടന്ന് 40 ദിവസം പിന്നിട്ടിട്ടും പൊലീസുകാരനെതിരെ നടപടിയെടുക്കാത്തതിനാല്‍ ജോലി രാജി വയ്ക്കാന്‍ മര്‍ദ്ദനത്തിന് ഇരയായ ഡോ. രാഹുല്‍ മാത്യു ഇന്നലെ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം പിന്‍വലിച്ച ഡോ രാഹുല്‍ മാത്യു ഒരാഴ്ചത്തെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

ചികില്‍സാ പിഴവ് ആരോപിച്ച് ഇക്കഴിഞ്ഞ മെയ് 14ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ സിപിഒ അഭിലാഷ് മര്‍്ദ്ദിക്കുകയായിരുന്നു. അഭിലാഷിന്റെ മാതാവ് ലാലിക്ക് ഗുരുതരമായി കൊറോണ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഇതേത്തുടര്‍ന്ന് മാതാവ് മരിച്ചതിന്റെ പിറ്റേദിവസം അഭിലാഷ് ആശുപത്രിയിലെത്തി രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്.