ടോമിന്‍ ജെ തച്ചങ്കരിയെ സംസ്ഥാന ഡി ജി പി നിയമന പട്ടികയില്‍ നിന്ന് ഒഴിവാക്കി

ന്യൂഡെൽഹി: കേരളത്തിലെ പുതിയ ഡി ജി പി നിയമന പട്ടികയില്‍ നിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ ഒഴിവാക്കി. ഇന്ന് ചേർന്ന യുപി എസ് സി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സീനിയോറിയിറ്റില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അരുണ്‍കുമാര്‍ സിന്‍ഹ ഡി ജി പി സ്ഥാനത്തേക്ക് വരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതിനാല്‍ അദ്ദേഹത്തെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി.

സുദേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നിവരെയാണ് യു പി എസ് സി യോഗം അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ഡി ജി പി റാങ്കുള്ളത് സുദേഷ് കുമാറിനും സന്ധ്യക്കുമാണ്. അനില്‍കാന്തിന് എ ഡി ജി പി റാങ്കാണുള്ളത്.

മൂന്ന് പേരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് നല്‍കും. ഇതില്‍ നിന്ന് ഒരാളെ ലോക്‌നാഥ് ബെഹ്‌റയുടെ പിന്‍ഗാമിയായി സംസ്ഥാന സര്‍ക്കാറിന് നിയമിക്കാം. ഡി ജി പി റാങ്കുള്ള സുദേഷ് കുമാറും സന്ധ്യയും വേണ്ടന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാത്രമാണ് അനില്‍കാന്തിന് അവസരം ലഭിക്കുക.