സ്ത്രീധന പരാതികളുടെ പ്രവാഹം; സ്​റ്റേറ്റ്​ നോഡൽ ഓഫീസർ ആർ നിശാന്തിനിക്ക്​ ഒരുദിവസം ലഭിച്ചത് 108 പരാതികൾ

തിരുവനന്തപുരം : സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ പോലീസ് ക്രമീകരിച്ച പുതിയ സംവിധാനത്തിലേക്ക് പരാതികളുടെ പ്രവാഹം. സ്​ത്രീധന പീഡനവുമായി ബന്ധപ്പെട്ട്​ സ്​റ്റേറ്റ്​ നോഡൽ ഓഫീസർ ആർ നിശാന്തിനിക്ക്​ ഇന്നലെ​ മാത്രം ഏകദേശം 108 പരാതികളാണ് ഫോണിലൂടെ ലഭിച്ചത്. 76 പരാതികൾ ഇമെയിൽ വഴിയും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ലഭിച്ച പരാതികളിന്മേൽ ഉടൻ തുടർ നടപടികൾ സ്വീകരിക്കുമെന്ന്​ പോലീസ്​ അറിയിച്ചു. പരാതികൾ നൽകുന്നതിന് ‘അപരാജിത ഓൺലൈൻ’ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും നിലവിലുള്ള സംവിധാനമാണിത്.

പരാതികളുള്ളവർക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക്​ മെയിൽ അയക്കാം. ഇത് കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിജിപിയുടെ കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. 9497900999, 9497900286 എന്നീ നമ്പരുകളിലാണ് വിളിക്കേണ്ടത്.