കൊറോണ ഡ്യൂട്ടിക്കിടെ മർദിച്ച പോലിസുകാരനെതിരേ നടപടിയില്ല ; യുവ ഡോക്ടർ രാഹുൽ മാത്യു രാജിവയ്ക്കുന്നു

മാവേലിക്കര: കൊറോണ ഡ്യൂട്ടിക്കിടെ മർദിച്ച പോലിസുകാരനെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച്‌ യുവ ഡോക്ടർ രാജിവയ്ക്കുന്നു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവാണ് ഫേസ് ബുക്കിലൂടെ രാജിക്കാര്യം അറിയിച്ചത്. ജോലിയില്‍ പ്രവേശിക്കും മുന്‍പ് പ്രദേശിക സി പി എം നേതാവായിരുന്നു രാഹുല്‍ മാത്യു. ഇടതുപക്ഷക്കാരനായിട്ടു പോലും നീതി കിട്ടിയില്ലെന്നും താന്‍ ചതിക്കപ്പെട്ടുവെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡോക്ടര്‍ കുറിച്ചു.

ചികിൽസാ പിഴവ് ആരോപിച്ച്‌ ഇക്കഴിഞ്ഞ മെയ് 14ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുൽ മാത്യുവിനെ സിപിഒ അഭിലാഷ് മർദിച്ചത്. അഭിലാഷിന്റെ മാതാവ് ലാലിക്ക് ഗുരുതരമായി കൊറോണ ബാധിച്ച്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഇതേത്തുടർന്ന് മാതാവ് മരിച്ചതിന്റെ പിറ്റേദിവസം അഭിലാഷ് ആശുപത്രിയിലെത്തി രാഹുൽ മാത്യുവിനെ മർദിക്കുകയായിരുന്നു.

സംഭവത്തിൽ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ 40 ദിവസത്തോളം മാവേലിക്കരയിൽ സമരം നടത്തിയെങ്കിലും ഒരു നടപടിയുമെടുത്തില്ലെന്ന് രാഹുൽ മാത്യു ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചാണ് സർവീസിൽ നിന്ന് രാജി വയ്ക്കുന്നതെന്നും ഡോ. രാഹുൽ മാത്യു അറിയിച്ചു.

പ്രതിയായ പോലിസുകാരൻ കൊറോണ രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ള ആളാണെന്നു തുടർ പരിശോധനയിൽ പോസിറ്റീവ് ആണെന്നു കണ്ടെത്തുകയും ചെയ്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്നായിരുന്നു പോലിസ് ആദ്യം അറിയിച്ചിരുന്നത്. ഇടതുപക്ഷ അനുഭാവിയും പൊലീസ് അസോസിയേഷനിലെ സജീവ പ്രവര്‍ത്തകനുമായ അഭിലാഷ് ചന്ദ്രന്‍ പല തവണ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സംഭവത്തെ തുടർന്ന് സിവിൽ പോലിസ് ഓഫിസർ അഭിലാഷ് ആർ ചന്ദ്രനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നെങ്കിലും മറ്റ് നടപടികൾ ഒന്നുതന്നെ എടുത്തിരുന്നില്ല. പിന്നീട് ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി നേതൃത്വത്തിൻ്റെ ഇടപെടലോടെ പോലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ആക്ഷേപം ഉയർന്നിരുന്നു.