ന്യൂഡെല്‍ഹി: സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലുകൾ നീക്കാൻ കേന്ദ്ര സർക്കാർ നടപടി; പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കണം
ന്യൂഡെല്‍ഹി: സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലുകള്‍ക്ക് ഇനി പൂട്ട് വീഴും. വ്യാജ പ്രൊഫൈലുകൾ റിപ്പോർട്ട് ചെയ്താൽ അക്കൗണ്ടുകള്‍ നിയന്ത്രിക്കാന്‍ ശക്തമായ നടപടിക്ക് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് സമൂഹ മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
പുതിയ ഐടി ചട്ട പ്രകാരം ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം,യൂട്യൂബ് എന്നീ സമൂഹ മാധ്യമങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. വ്യാജ അക്കൗണ്ട് സംബന്ധിച്ച് ഏതെങ്കിലും വ്യക്തി പരാതി നല്‍കിയാല്‍ 24 മണിക്കൂറിനകം നടപടി സ്വീകരിക്കണം. പ്രമുഖ വ്യക്തികളുടെ പേരിലും സാധാരണക്കാരുടെ പേരിലും വ്യാജ അക്കൗണ്ടുകള്‍ വഴി പണം തട്ടുന്നത് അടക്കമുള്ള പ്രവണ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
പുതിയ ഐടി നിയമപ്രകാരം ആണ് നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച പരാതി പരിഹരിക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സമൂഹ മാധ്യമങ്ങളുടെ പ്രതികരണം ഇക്കാര്യത്തില്‍ ലഭ്യമായിട്ടില്ല.