ഒറ്റപ്രസവത്തിൽ 37കാരിയ്ക്ക് പത്തുകുട്ടികൾ !; യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേപ്പ്ടൌൺ: ഒരു സ്ത്രീ ഒറ്റപ്രസവത്തിൽ പത്തുകുട്ടികൾക്ക് ജന്മം നൽകി എന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. എന്നാൽ ദക്ഷിണാഫ്രിക്കൻ സ്ത്രീയുടെ അവകാശവാദം തെറ്റാണെന്ന് ഔദ്യോഗിക അന്വേഷണത്തിൽ കണ്ടെത്തി. വ്യാജ വാർത്ത സൃഷ്ടിച്ചതിനെ സ്ത്രീയെ മനോരോഗികളെ ചികിത്സിക്കുന്ന വാർഡിൽ പ്രവേശിപ്പിച്ചതായും നിരീക്ഷണത്തിൽ കഴിയുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ദക്ഷിണാഫ്രിക്കയിൽ ഒറ്റ പ്രസവത്തിൽ പത്തു കുട്ടികൾക്ക് ജന്മം നൽകി 37കാരി ഗിന്നസ് വേൾഡ് റെക്കോർഡിട്ടു എന്നതായിരുന്ന് ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്ന വാർത്ത. 37കാരിയായ ഗോസിയമെ തമാര സിതോളാണ് അപൂർവ നേട്ടത്തിന് ഉടമയായതെന്നും 7 ആൺകുട്ടികൾക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് അവർ ജന്മം നൽകിയതെന്നുമായിരുന്നു റിപ്പോർട്ട്.

മൊറോക്കോ സ്വദേശിനിയായ യുവതി ഹാലിമ സിസ്സെ 9 കുട്ടികളെ പ്രസവിച്ചതിനെ തുടർന്ന് സൃഷ്ടിച്ച റെക്കോർഡ് ഗോസിയമെ തിരുത്തിയതായും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇവർ താമസിക്കുന്ന ഗൗട്ടെംഗ് പ്രവിശ്യയിൽ ഒരു ആശുപത്രിയിൽ പോലും അത്തരത്തിലുള്ള അപൂർവ്വ പ്രസവം നടന്നിട്ടില്ലെന്ന് പ്രവിശ്യ സർക്കാരിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. അടുത്തിടെ ഗോസിയമെ ഗർഭിണി പോലും ആയിരുന്നില്ല.

മാനസികാരോഗ്യ നിയമം അനുസരിച്ച് ഇവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പ്രവിശ്യ സർക്കാർ അറിയിച്ചു. കഥയുടെ പിന്നിലെ കാര്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിസേറിയനിലൂടെയാണ് 10 കുട്ടികളെയും പുറത്തെടുത്തതെന്നും അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു എന്നും വളരെയധികം വികാരാധീനനും സന്തോഷവാനുമാണ് താനിപ്പോഴെന്നുമാണ് ഗോസിയമെയും ഭർത്താവ് ടെബോഗോ സോറ്റെറ്റ്സിയും അന്ന് പറഞ്ഞത്.