305 ദിവസങ്ങൾ നീണ്ട പോരാട്ടം; 72 കാരൻ ഡേവ്​ സ്​മിത് ജയിച്ചു; വൈറസിനെ തോൽപ്പിച്ച് റെക്കോഡിട്ട് ബ്രിട്ടീഷ്​ പൗരൻ

ലണ്ടന്‍: കൊറോണയെ കീഴടക്കാൻ 72കാരനായ ബ്രിട്ടീഷ്​ പൗരൻ ഡേവ്​ സ്​മിത് പൊരുതിയത് 305 ദിവസങ്ങൾ. ദീർഘനാൾ നീണ്ട പോരാട്ടത്തിന് ഒടുവിൽ സ്മിത് വൈറസിനെ കീഴടക്കി റെക്കോഡിട്ടു. തുടര്‍ച്ചയായ പത്താം മാസവും നടത്തിയ പരിശോധനയിൽ കൊറോണ പോസിറ്റീവായിരുന്നു. ഏറ്റവും കൂടുതല്‍ നാള്‍ രോഗബാധ സ്​ഥിരീകരിച്ചെന്ന റെക്കോഡ്​ ഇദ്ദേഹത്തിനാണെന്ന് ഡോക്​ടര്‍മാർ പറയുന്നു.

ഡ്രൈവിങ്​ ഇന്‍സ്​ട്രക്​ടറായി വിരമിച്ച ഡേവ്​ സ്​മിത് വെസ്​റ്റേണ്‍ ഇംഗ്ലണ്ടിലെ ബ്രിസ്​റ്റോള്‍ സ്വദേശിയാണ്​. 43 തവണയാണ്​ ഇദ്ദേഹത്തെ പരിശോധനക്ക്​ വിധേയമാക്കിയത്​. എല്ലാ പരിശോധനയിലും കൊറോണ പോസിറ്റീവായിരുന്നു. ഏഴോളം തവണ ആശുപത്രിയിലാകുകയും മരിച്ചുവെന്ന്​ വിചാരിക്കുകയും ചെയ്​തതായി​ ഡോക്​ടര്‍മാര്‍ പറയുന്നു.

നിരവധി മരുന്നുകള്‍ അദ്ദേഹത്തില്‍ ഡോക്​ടര്‍മാര്‍ പരീക്ഷിച്ചിരുന്നു. അവയൊന്നും ഫലം കണ്ടില്ല. റിജെനറന്‍ മരുന്ന്​ സ്വീകരിച്ച്‌​ 45 ദിവസത്തിന്​ ശേഷമാണ്​ രോഗമുക്തി നേടിയത്​. ഭാര്യ ലിന്‍ഡയും ഇദ്ദേഹത്തോടൊപ്പം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു​. അദ്ദേഹം അതിജീവിക്കുമെന്ന്​ കരുതാത്ത ഒരുപാട്​ നിമിഷങ്ങളുണ്ടായി. ഒരു വര്‍ഷമായി നരക തുല്യമായ ജീവിതമാണെന്ന് ഭാര്യ പറയുന്നു.

അദ്ദേഹത്തിൻ്റെ ശരീരത്തില്‍ എല്ലാ​യ്​പ്പോഴും വൈറസി​ൻ്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന്​ ബ്രിസ്​റ്റോള്‍ യൂനിവേഴ്​സിറ്റിയിലെ കണ്‍സല്‍ട്ടന്‍റായ എഡ്​ മോറന്‍ പറയുന്നു. മാര്‍ച്ച്‌​ 2020ലാണ്​ അദ്ദേഹത്തിന്​ ആദ്യം കൊറോണ സ്​ഥിരീകരിക്കുന്നത്​. സുഖം പ്രാപിച്ചെങ്കിലും ഇപ്പോഴും ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. കൊറോണ നെഗറ്റീവായതോടെ ഡേവും ഭാര്യയും പരസ്​പരം മദ്യസല്‍ക്കാരം നടത്തിയാണ്​ സ​ന്തോഷം പങ്കുവെച്ചത്​.