ആശങ്ക പടർത്തി രാജ്യത്ത് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുമ്പോള്‍ പുതിയ വകഭേദമായ ഡെല്‍റ്റാ പ്ലസ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 40ലധികം പേര്‍ക്ക് കൊറോണയുടെ പുതിയ വകഭേദമായ ഡെല്‍റ്റാ പ്ലസ് കണ്ടെത്തിയതായാണ് റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡെല്‍റ്റ പ്ലസ് ബാധിതരുടെ എണ്ണം കൂടുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

മഹാരാഷ്ട്രയില്‍ മാത്രം ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച 21 കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആറ് കേസുകള്‍ മധ്യപ്രദേശിലും, മൂന്ന് കേസുകള്‍ വീതം കേരളത്തിലും തമിഴ്‌നാട്ടിലും, കര്‍ണാടകത്തിലും പഞ്ചാബിലും രണ്ട് കേസുകളും, ആന്ധ്രാ പ്രദേശ് ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ ഒരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണയുടെ പുതിയ വകഭേദം സംബന്ധിച്ച് ഈ സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡെല്‍റ്റ പ്ലസിന്റെ സാന്നിദ്ധ്യം ഈ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. പുതിയ വകഭേദം ബാധിച്ചവരുടെ എണ്ണം കുറവാണെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന വിലയിരുത്തുലുമുണ്ട്. കൊറോണ രണ്ടാം തരംഗത്തില്‍ രോഗ വ്യാപനം അതി തീവ്രമാക്കിയത് ഡെല്‍റ്റ വകഭേദമാണ് കാരണമായി ചൂണ്ടികാണിക്കുന്നത്.

ഡെല്‍റ്റ പ്ലസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മഹാരാഷ്ട്രയില്‍ കടുത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. പരിശോധന ശക്തമാക്കിയതിന് ഒപ്പം വാക്‌സിനേഷനും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പുറത്തു നിന്നും എത്തുന്നവരെ നിരീക്ഷിക്കാനും പദ്ധതിയുണ്ട്. നിലവില്‍ ഇന്ത്യക്ക് പുറമെ ഒന്‍പത് രാജ്യങ്ങളില്‍ ഡെല്‍റ്റാ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.