വിസ്മയയുടെ മരണം; ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും

കൊല്ലം : സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണത്തില്‍ കേസിന്‍റെ മേല്‍നോട്ട ചുമതലയുള്ള ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും. വിസ്മയയുടെ കുടുംബാംഗങ്ങളുമായും കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥന്‍ ശാസ്താംകോട്ട ഡിവൈഎസ്പി രാജ് കുമാര്‍ പുരുഷോത്തമനുമായും കൂടിക്കാഴ്ച നടത്തും. മരിച്ച വിസ്മയയുടെ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം പ്രതി കിരണിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് തീരുമാനം.

റിമാന്‍ഡിലുള്ള പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കൊട്ടാരക്കര സബ് ജയിലിലേക്കാണ് മാറ്റിയത്. നേരത്തെ, കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വിസ്മയയുടെ മരണത്തിലെ അസ്വാഭാവികത ഉള്‍പ്പെടെ വിശദമായി പരിശോധിക്കും. ഇതിന്‍റെ ഭാഗമായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തും. കേസില്‍ കിരണിന്‍റെ മാതാപിതാക്കളെ പ്രതി ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കിരണിന്‍റെ കുടുംബത്തെ ചോദ്യം ചെയ്തേക്കും.