കൊച്ചി: മൺസൂൺകാല ട്രോളിങ് നിരോധനം ലംഘിച്ച്
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്നുള്ള ബോട്ടുകൾ കേരള അതിർത്തിക്കടലിൽ വ്യാപകമായി മൽസ്യബന്ധനം നടത്തുന്നു. തൂത്തുക്കുടിയിൽ നിന്ന് നൂറിലേറെ ബോട്ടുകളാണ് കേരളത്തിൻ്റെ കടലിൽ മൽസ്യബന്ധനം നടത്തുന്നതെന്നാണ് സൂചന. തമിഴ്‌നാട്ടിലെ തൂത്തൂരിൽനിന്നുള്ള തൊഴിലാളികൾ തന്നെയാണ് ഇക്കാര്യം മൽസ്യ കച്ചവടക്കാരെ അറിയിച്ചത്.
തമിഴ്‌നാട്ടിലെ ചില മേഖലകളിൽ മത്സ്യബന്ധനത്തിന് അനുവാദമുണ്ട്. അവർ പിടിക്കുന്ന മീൻ തൂത്തുക്കുടി പോലുള്ള സ്ഥലങ്ങളിൽ വിൽക്കാനുമാവും. ഇതിൻ്റെ മറവിലാണ് തൂത്തുക്കുടിയിൽ നിന്നുള്ള ബോട്ടുകൾ കേരള കടലിൽ മൽസ്യബന്ധനം നടത്തുന്നത്. തൂത്തുക്കുടി ബോട്ടുകൾ, ബേപ്പൂർ, കൊല്ലം പരപ്പ്, ലക്ഷദ്വീപിന്റെ ഒരു ഭാഗം എന്നിവിടങ്ങളിലാണ് മീൻ പിടിക്കുന്നത്. ഇവർ മീൻ പിടിത്തം തുടർന്നാൽ, ട്രോളിംഗ് നിരോധനം തീരുമ്പോൾ കേരളത്തിലെ ബോട്ടുകൾക്കു മീൻ ലഭിക്കില്ലെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
നിരോധനം നിലനിൽക്കുമ്പോൾ, കടലിലേക്ക് പോകുന്ന ബോട്ടുകളെ തടയേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ഇതിനായി എല്ലാ ഹാർബറുകളിലും കടലിലും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സർക്കാർ പറഞ്ഞിരുന്നു. എന്നാൽ തൂത്തുക്കുടി ബോട്ടുകളെ തടയാൻ ആരും നടപടി സ്വീകരിച്ചിട്ടില്ലെന്ന് കൊച്ചിയിലെ മൽസ്യക്കച്ചവടക്കാർ പരാതിപ്പെടുന്നു.
വിലക്ക് ലംഘിച്ച് മീൻ പിടിക്കുന്നവർക്കെതിരേ നടപടി വേണമെന്ന് തൂത്തൂരിൽനിന്നുള്ള തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. അനധികൃത മീൻപിടിത്തം തടയണമെന്നാവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രിക്കും കോസ്റ്റൽ പോലീസിനും പരാതി നൽകിയതായി കൊച്ചിയിലെ ഗിൽനെറ്റ് ലോങ് ലൈൻ ബോട്ട് അസോസിയേഷൻ പ്രസിഡന്റ് എ.എം. നൗഷാദ് പറയുന്നു. ഇതു തടഞ്ഞില്ലെങ്കിൽ കേരളത്തിന് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.