കൊച്ചി: കൊറോണയുടെ രണ്ടാം വ്യാപനം രൂക്ഷമായതിന് പിന്നാലെ നിർത്തിവെച്ച കൊച്ചി മെട്രോ സർവീസ് അടുത്ത ആഴ്ച്ച മുതൽ പുനരാരംഭിച്ചേക്കും. ഇതിനായി സർവീസ് നടത്തുന്നതിന് കെഎംആർഎൽ സർക്കാരിനോട് അനുമതി തേടി. മെട്രോ സ്‌റ്റേഷനുകൾ തുറന്ന് ശുചീകരണ ജോലികൾ പൂർത്തിയാക്കിയിട്ടുണ്ട്.
ലോക്ക്ഡൗണിൽ ഇളവ് നൽകിയതിനെ തുടർന്ന് ബസ്- ടാക്‌സി സർവ്വീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ മെട്രോ ട്രെയിൻ സർവീസിന് സർക്കാർ അനുമതി നൽകിയിട്ടില്ല. രാജ്യത്തെ മറ്റിടങ്ങളിൽ മെട്രോ സർവീസ് ആരംഭിച്ചിട്ടുണ്ട്. അതിനാൽ സർവീസിന് അനുമതി നൽകണമെന്നാണ് സംസ്ഥാന സർക്കാരിനോട് കെഎംആർഎൽ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
ഇക്കാര്യത്തിൽ സർക്കാർ തീരുമാനം ഉടനുണ്ടായേക്കും. യാത്രക്കാരില്ലെങ്കിലും നിലവിൽ ട്രെയിനുകൾ ഒരു ദിവസം എങ്കിലും ഓടിക്കുന്നുണ്ട്. ജീവനക്കാരും എത്തുന്നുണ്ട്. സർവീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായുള്ള ജോലികളും പൂർത്തിയായി. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിയ്ക്കും മെട്രോ സർവീസുകൾ നടത്തുക. സാമൂഹിക അകലം ഉറപ്പാക്കും. ഒന്നിടവിട്ട സീറ്റുകളിൽ മാത്രമാവും ഇരുന്ന് യാത്ര ചെയ്യാൻ അനുമതി. നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.
ശരീര ഊഷ്മാവ് പരിശോധിച്ചശേഷം മാത്രമേ യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. രോഗലക്ഷണങ്ങൾ കാണുന്നവരെ ട്രെയിനിൽ നിന്ന് മാറ്റും. ഇവരെ എത്രയും വേഗത്തിൽ കൊറോണ സെന്ററിലേക്ക് മാറ്റാനുള്ള നടപടികളും സ്വീകരിക്കും ട്രെയിനുകൾ ഓരോ യാത്രയ്ക്ക് ശേഷവും അണു വിമുക്തമാക്കും. ക്യത്യമായ സമയങ്ങളിൽ സ്‌റ്റേഷനുകളും ശുചീകരിയ്ക്കും.