മുംബൈ: ടിആർപി (ടെലിവിഷൻ റേറ്റിങ് പോയിന്റ്) തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ-ചീഫ് അർണബ് ഗോസ്വാമിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അർണബിനെ കൂടാതെ റിപ്പബ്ലിക് ടിവി ഉടമസ്ഥരായ എ.ആർ.ജി ഔട്ട്‌ലയർ മീഡിയയുടെ ഭാഗമായ നാല് പേർ കൂടി കേസിലെ പ്രതികളാണ്. 1800 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.
റിപ്പബ്ലിക് ടി.വി, ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകൾ ടിആർപി റേറ്റ് കൃത്രിമമായി വർധിപ്പിക്കാൻ ചാനൽ ഉപഭോക്താക്കൾക്ക് കൈക്കൂലി നൽകിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ടിആർപി നിരീക്ഷണം നടത്തുന്ന ഹൻസ് ഗ്രൂപ് പരാതി നൽകിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
ഒമ്പത് മാസം മുമ്പാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ടിആർപി കൃത്രിമമായി പെരുപ്പിച്ചുവെന്ന് കാട്ടിയെന്നായിരുന്നു കേസ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടി കങ്കണ റണാവതിന്റെ ഓഫിസിലെ അനധികൃത നിർമാണം നഗരസഭ പൊളിച്ചുനീക്കുന്നതിനിടെ വാർത്ത പൊലിപ്പിക്കാൻ കൃത്രിമമായി ശ്രമിച്ചുവെന്നാണ് ആരോപണം.
കേസ് അന്വേഷണം മൂന്നു മാസത്തിനകം പൂർത്തിയാക്കുമെന്ന് കഴിഞ്ഞ മാർച്ചിൽ മഹാരാഷ്ട്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം മരവിപ്പിക്കണമെന്ന അർണബിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. കേസിൽ 13 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.