ഡെൽറ്റപ്ലസ് തീവ്ര വ്യാപന ശേഷിയുള്ള വകഭേദമെന്ന് ആരോഗ്യ മന്ത്രാലയം; കേരളമടക്കം സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

ന്യൂഡെൽഹി: കൊറോണ വൈറസ് മൂന്നാം തരംഗ സൂചന മുന്നിൽ നിൽക്കെ ഡെൽറ്റ പ്ലസ് വൈറസ് സാന്നിധ്യം കണ്ടെത്തിയ കേരളമുൾപ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകി. ഡെൽറ്റ പ്ലസ് തീവ്ര വ്യാപന ശേഷിയുള്ള വകഭേദമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

കേരളം ,മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയത്. കേരളത്തിൽ പാലക്കാടും പത്തനംതിട്ടയിലും കൊറോണ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരിശോധന കൂട്ടി ക്വാറൻറൈൻ കർശനമാക്കി രോഗവ്യാപനം തടയാനാണ് കേന്ദ്രം ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടത്.

അതേസമയം കൊറോണ പ്രതിരോധിക്കുന്നതിൽ കൊവാക്സീന് 77.8 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് റിപ്പോർട്ട് പുറത്ത് വന്നു. ആദ്യ ഘട്ട പരീക്ഷണത്തിൻ്റെ വിവരങ്ങൾ പ്രകാരം ഇത് 81 ശതമാനമായിരുന്നു. കൊവാക്സിൻ്റെ അടിയന്തര അനുമതിക്കുള്ള അപേക്ഷ ലോകാരോഗ്യ സംഘടന നാളെ പ്രാഥമികമായി കേൾക്കാനിരിക്കെയാണ് ഭാരത് ബയോടെക്ക് വിശദാംശങ്ങൾ ഡിസിജിഐക്ക് സമർപ്പിച്ചത്.