ന്യൂഡെൽഹി: കൊറോണ വ്യാപന സാഹചര്യത്തിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയത് ചോദ്യം ചെയ്ത പൊതുതാത്പര്യ ഹർജികൾ സുപ്രിംകോടതി തള്ളി. വിശാലമായ പൊതുതാൽപര്യം മുൻനിർത്തിയാണ് പരീക്ഷ റദ്ദാക്കാൻ സിബിഎസ്ഇ തീരുമാനിച്ചത്. സിബിഎസ്ഇ, ഐസിഎസ്ഇ മൂല്യനിർണ്ണയ പദ്ധതിയിൽ ഇടപെടേണ്ട സാഹചര്യമില്ല. വിഷയത്തിൽ അനിശ്ചിതത്വമുണ്ടാകുന്നത് വിദ്യാർത്ഥികൾക്ക് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കും. സിബിഎസ്ഇയുടെ മൂല്യനിർണയപദ്ധതിയെ നേരത്തെ കോടതി അംഗീകരിച്ചതാണെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഏകീകൃത മൂല്യനിർണയം സാധ്യമല്ലെന്നും, കൊറോണ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്നും തുടങ്ങി കേന്ദ്രസർക്കാർ ഉയർത്തിയ വാദമുഖങ്ങൾ കോടതി പരിഗണിച്ചു.
കേരളത്തിലെ പതിനൊന്നാം ക്ലാസ് പരീക്ഷ റദ്ദാക്കിയിട്ടില്ല എന്നത് സംബന്ധിച്ച ഹർജിയിലും കോടതി വാദംകേട്ടു. പരീക്ഷ കൊറോണ പ്രോട്ടോകോൾ പ്രകാരം നടത്തുമെന്ന് കേരളം അറിയിച്ചു. പരീക്ഷയുടെ കാര്യത്തിൽ കൃത്യമായ തീരുമാനം എടുക്കണമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
പരീക്ഷ നടത്തി കുഴപ്പങ്ങൾ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം കേരളത്തിന് മാത്രമായിരിക്കും എന്നും കോടതി അഭിപ്രായപ്പെട്ടു. കേരളം, ആന്ധാപ്രദേശ് സംസ്ഥാനങ്ങളിലെ പരീക്ഷകളിൽ തീരുമാനം മറ്റന്നാൾ വരും. കേസ് മറ്റന്നാളത്തേക്ക് മാറ്റി.