കിരൺകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ; വിസ്മയ മരിക്കുന്നതിന് തലേ ദിവസം വഴക്കുണ്ടായെന്ന് സമ്മതിച്ച്‌ കിരൺ

കൊല്ലം : യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച രാത്രിയാണ് വിസ്മയയുടെ ഭർത്താവ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറായ കിരൺ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശാസ്താംകോട്ട ഡിവൈഎസ്പി രാജ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

അതേസമയം വിസ്മയയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാര്യത്തിൽ വ്യക്തത വരും. ഐപിസി. 498. എ.304 ബി എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കെസെടുത്തിട്ടുണ്ട്. പോസ്റ്റ് മാർട്ടം നടപടിക്ക് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തും. വിസ്മയയുടെ മരണം ആത്മഹത്യയല്ലെന്നും, കൊന്ന് കെട്ടിത്തൂക്കിയതാണെന്നും കുടുംബം ആരോപിച്ചിരുന്നു.

വിസ്മയ മരിക്കുന്നതിന് തലേ ദിവസം വഴക്കുണ്ടായതായും ഇതിന് ശേഷം വിസ്മയ ശുചിമുറിയിൽ കയറി തൂങ്ങുകയായിരുന്നുവെന്ന് ഭർത്താവ് കിരൺ പൊലീസിനോട് പറഞ്ഞു. വിസ്മയ മരിക്കുന്നതിന് തലേന്ന് മർദ്ദിച്ചിട്ടില്ല. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി. ഈ സമയം വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടുവെന്നും നേരം പുലർന്ന ശേഷമേ വീട്ടിൽ പോകാനാവൂ എന്ന് താൻ നിലപാടെടുത്തുവെന്നും കിരൺ പൊലിസിന് മൊഴി നൽകി.

ഇതിന് ശേഷം വിസ്മയ ശുചിമുറിയിൽ കയറി തൂങ്ങുകയായിരുന്നു. 20 മിനിറ്റ് കഴിഞ്ഞും വിസ്മയയെ കാണാതെ വന്നപ്പോഴാണ് ശുചി മുറിയുടെ വാതിൽ ചവിട്ടി തുറന്നത്. വിസ്മയയുടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ മർദ്ദനത്തിന്റെ പാടുകൾ നേരത്തെ ഉണ്ടായതാണെന്നും കിരൺ മൊഴി നൽകി.