വിസ്‌മയയുടെ മരണം; കിരണിനെതിരേ വകുപ്പ് തല നടപടി ഉടൻ

കൊല്ലം: സ്ത്രീധനപീഡനത്തിനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിസ്‍മയയുടെ ഭർത്താവും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരൺകുമാറിനെതിരെ വകുപ്പുതല നടപടിക്കുള്ള നീക്കം പുരോഗമിക്കുന്നതായി സൂചന. മോട്ടോർവാഹന വകുപ്പിൽ എ എം വി ഐ ആയ കിരണിനെ ഉടൻ സസ്‍പെൻഡ് ചെയ്യുമെന്നും ഇയാൾക്കെതിരെ വകുപ്പുതല നടപടി പുരോഗമിക്കുകയാണെന്നും മോട്ടോർവാഹന വകുപ്പ് അധികൃതർ അറിയിച്ചു.

നിലവിൽ പൊലീസ് കസ്റ്റഡിയിലായ കിരണിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാൾക്കെതിരെ കേസെടുത്താൽ ഉടൻ സസ്‍പെൻഡ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. കിരണിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉൾപ്പടെ ഉയരുന്നത്.

സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും കിരണിനെതിരെ നടപടി സ്വീകരിക്കാത്ത മോട്ടോർ വാഹന വകുപ്പിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. മോട്ടോർവാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കിടയിലും കടുത്ത അമർഷമാണ് ഇയാൾക്കെതിരെ ഉയരുന്നത്. കടുത്ത ഞെട്ടലിലാണ് കിരണിനെ അറിയാവുന്ന ഉദ്യോഗസ്ഥരിൽ പലരും.

ഔദ്യോഗിക വേഷത്തിൽ, ഡിപ്പാർട്ട്മെൻറ് വാഹനത്തിനൊപ്പമുള്ള കിരണിൻ്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പ്രചരിക്കുന്നത് കടുത്ത നാണക്കേടാണ് തങ്ങൾക്ക് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഇയാൾക്കെതിരെ വകുപ്പുതല നടപടി എടുക്കാനാണ് അധികൃതരുടെ നീക്കം.